രാംപുനിയാനിക്കു വധഭീഷണി

Update: 2019-06-07 09:56 GMT

ന്യൂഡല്‍ഹി: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ഹിന്ദുത്വ വിമര്‍ശകനുമായ രാംപുനിയാനിക്കു വധഭീഷണി. ഇന്നലെ രാത്രി ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. പുനിയാനി അദ്ദേഹത്തിന്റെ ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളാനുമായിരുന്നു ഭീഷണി. 15 ദിവസത്തിനകം ഇവിടം വിട്ടു പോവണമെന്നും ഭീഷണിപ്പെടുത്തിയതായി പുനിയാനി പറഞ്ഞു.

എട്ടരയോടെയാണ് ആദ്യ ഭീഷണി സന്ദേശം വന്നത്. പുനിയാനിയുടെ ബന്ധുവാണ് ഫോണെടുത്തത്. പുനിയാനിയെ ഹിന്ദുവിരുദ്ധനെന്നു വിശേഷിപ്പിക്കുകയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് അല്‍പസമയത്തിനു ശേഷം വീണ്ടും കോള്‍ വരികയും പുനിയാനി എടുക്കുകയുമായിരുന്നു. തുടര്‍ന്നും ഭീഷണിയും തെറിവിളിയും നടത്തുകയായിരുന്നുവെന്നും പുനിയാനി വ്യക്തമാക്കി.




















ഇത്തരം സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. തന്റെ സുരക്ഷയോര്‍ത്തു കുടുംബാംഗങ്ങള്‍ ഭയപ്പെടുകയാണ്. ഇതാദ്യമല്ല തനിക്കെതിരേ ഇത്തരം നീക്കങ്ങളുണ്ടാവുന്നത്. അധികൃതര്‍ ഇതിനെ ഗൗരവമായി കാണുകയും നടപടി കൈക്കൊള്ളുകയും വേണമെന്നും പുനിയാനി മാധ്യമങ്ങളോടു പറഞ്ഞു.

മുംബൈ പോലിസില്‍ പുനിയാനി പരാതി നല്‍കുകയും പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Tags: