രാജ്യസഭാ സീറ്റ് നല്‍കില്ല; കമല്‍നാഥും മകനും ബിജെപിയിലേക്ക്; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Update: 2024-02-11 10:58 GMT

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും രാജ്യസഭാ എംപി വിവേക് ടാങ്കയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കമല്‍നാഥിന് രാജ്യസഭാ സീറ്റും മകനും കോണ്‍ഗ്രസ് എംപിയുമായ നകുല്‍ നാഥിന് ചിന്ദ്വാരയിലെ ലോക്‌സഭാ സീറ്റും മന്ത്രിപദവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ എന്നിവരുടെ പിന്തുണയോടെയാണ് കമല്‍നാഥിനെ പാര്‍ട്ടിയിലേക്കെത്തിക്കുന്നതിനുള്ള ശ്രമം ബിജെപി നടത്തുന്നത്.

അടുത്തിടെ മുഖ്യമന്ത്രി മോഹന്‍ യാദവ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നഡ്ഡ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.അടുത്തിടെ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ കമല്‍നാഥ് രാജ്യസഭാ സീറ്റ് എന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് കോണ്‍ഗ്രസ് മുഖം തിരിച്ചതോടെയാണ് കമല്‍നാഥ് കളം മാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നത്. ലോക്‌സഭാ മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ കമല്‍നാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.