അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മൈക്കില്‍നിന്ന് പുക; രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു

നാലാം നിരയിലെ തന്റെ സീറ്റിലെ മൈക്കില്‍നിന്ന് പുക ഉയരുന്നതായി മുന്‍മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം പരാതിപ്പെട്ടത്.

Update: 2019-07-29 09:41 GMT

ന്യൂഡല്‍ഹി: എംപിമാരുടെ മൈക്കുകളില്‍നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യസഭ 15 മിനിറ്റ് സമയം നിര്‍ത്തിവച്ചു. നാലാം നിരയിലെ തന്റെ സീറ്റിലെ മൈക്കില്‍നിന്ന് പുക ഉയരുന്നതായി മുന്‍മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം പരാതിപ്പെട്ടത്. ഇതിനു പിന്നാലെ മബിജെപി എംപിമാരായ ശിവ്പ്രതാപ് ശുക്ല, പുരുഷോത്തം രുപാല എന്നിവരുടെ മൈക്കുകളില്‍നിന്നും പുക ഉയര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തലും ഇന്തോനീസ്യയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബോക്‌സിങ് താരത്തിന് മെഡല്‍ ലഭിച്ചതിലുള്ള അനുമോദനം രേഖപ്പെടുത്തലും കഴിഞ്ഞതിന് പിന്നാലെയായിരുന്നു മൈക്കുകളില്‍ പ്രശ്‌നമുണ്ടെന്ന പരാതി ഉയര്‍ന്നത്.

തുടര്‍ന്ന് രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവയ്ക്കുന്നതായി അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു. രാജ്യസഭയിലെ ഉദ്യോഗസ്ഥരെത്തി പുക ഉയരുന്നതിനെക്കുറിച്ച് പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണു പുക ഉയരാന്‍ കാരണമെന്നും തകരാറ് പരിഹരിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് രാജ്യസഭാ നടപടികള്‍ പുനരാരംഭിച്ചത്. 

Tags:    

Similar News