രജനീകാന്ത് ബിജെപിക്ക് പരോക്ഷ പിന്തുണ നൽകുമെന്ന് ആർഎസ്എസ്

സ്വന്തമായി ഒരു പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്നേ രജനീകാന്ത് പറഞ്ഞിട്ടുള്ളൂവെന്നും ബിജെപിക്ക് അദ്ദേഹം പരോക്ഷ പിന്തുണ നല്‍കുമെന്നും ഗുരുമൂര്‍ത്തി അറിയിച്ചു.

Update: 2020-12-30 05:12 GMT

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രഖ്യാപനം തിരുത്തി രജനീകാന്ത് രംഗത്തെത്തിയതിന് പിന്നാലെ പല സുപ്രധാന സംഭവ വികാസങ്ങളും നടക്കാനിരിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തി. രജനീകാന്ത് ഇനിയും നിര്‍ണായക പ്രസ്താവനകള്‍ നടത്തുമെന്നും അത് ബിജെപിയ്ക്ക് അനുകൂലമായിരിക്കുമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.

സ്വന്തമായി ഒരു പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്നേ രജനീകാന്ത് പറഞ്ഞിട്ടുള്ളൂവെന്നും ബിജെപിക്ക് അദ്ദേഹം പരോക്ഷ പിന്തുണ നല്‍കുമെന്നും ഗുരുമൂര്‍ത്തി അറിയിച്ചു. രജനീകാന്തുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രതികരണം. രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയത് ഒരു ശരിയായ തീരുമാനമാണെന്നും ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചില്ലെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.

പാര്‍ട്ടിയില്ല എന്നതിനര്‍ഥം അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ടുപോകുമെന്നല്ല. പാര്‍ട്ടി രൂപീകരിക്കാതെ തന്നെ അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുൾപ്പെടെ ഇടപെടും. ആ ഇടപെടല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായിരിക്കുമെന്നും ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.