രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണമെന്ന് പ്രമേയം; എഎപിയില്‍ ഭിന്നത

അതേസമയം, പ്രമേയത്തില്‍ ഭേദഗതി വരുത്തി രാജീവ് ഗാന്ധിയുടെ പേര് കൂട്ടിച്ചേര്‍ത്തതാണെന്ന ആരോപണം കൂടിയായതോടെ ഭിന്നത രൂക്ഷമായി.

Update: 2018-12-22 07:10 GMT

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപം സംബന്ധിച്ച പ്രമേയത്തില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്ന പരാമര്‍ശത്തെ ചൊല്ലി എഎപിയില്‍ ഭിന്നത. അതേസമയം, പ്രമേയത്തില്‍ ഭേദഗതി വരുത്തി രാജീവ് ഗാന്ധിയുടെ പേര് കൂട്ടിച്ചേര്‍ത്തതാണെന്ന ആരോപണം കൂടിയായതോടെ ഭിന്നത രൂക്ഷമായി. സഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎല്‍എ സോമനാഥ് ഭാരതി നല്‍കിയ എഴുത്ത് മറ്റൊരു എംഎല്‍എയായ ജര്‍ണെയ്ല്‍ സിങ് ഭേദഗതിയായി വായിച്ചെന്നുമാണ് എഎപിയുടെ ഔദ്യോഗിക വിശദീകരണം. അതിനിടെ, പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍

വെളിപ്പെടുത്തിയെന്നാരോപിച്ച് ചൗന്ദ്‌നി ചൗക്ക് എംഎല്‍എ അല്‍ക്ക ലാംബയോട് രാജിവയ്ക്കാന്‍ എഎപി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പ്രമേയത്തില്‍ ഭേദഗതി വരുത്തിയ സോമനാഥ് ഭാരതിയോട് വിശദീകരണം തേടുകയും ചെയ്തു.

സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്ന് വിശേഷിപ്പിക്കുന്ന പ്രമേയത്തില്‍ ഇതിനെ ന്യായീകരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അംഗങ്ങള്‍ക്കു മുന്‍കൂട്ടി വിതരണം ചെയ്ത പ്രമയത്തിനൊപ്പം രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിച്ചു

ഭാഗം പിന്നീടു വായിച്ചു ചേര്‍ത്തുവെന്നാണ് ആരോപണം. നിയമസഭയില്‍ ശബ്ദവോട്ടോടെ പ്രമേയം പാസാക്കുകയും ചെയ്തു. എന്നാല്‍, പ്രമേയം പാസാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാട് അല്‍ക്ക ലാംബ പരസ്യമായി പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തായത്. തുടര്‍ന്ന് സഭയില്‍നിന്നു വോക്കൗട്ട് നടത്തിയതിനെ തുടര്‍ന്നാണ് ഇവരോട് രാജി ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായ്, രാജി വയ്ക്കാന്‍ സന്നദ്ധയാണെന്നും രാജ്യത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ച രാജീവ് ഗാന്ധിയുടെ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നും ലാംബ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസിനൊപ്പം ഡല്‍ഹിയിലടക്കം എഎപി സഖ്യത്തിനു സാധ്യതയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് പുതിയ വിവാദം. 

Tags:    

Similar News