മഴക്കെടുതി; 10 സംസ്ഥാനങ്ങളില്‍ 700ലേറെ പേര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര-190, ഗുജറാത്ത്- 57, അസം- 94, ബിഹാര്‍- 130, കര്‍ണാടക- 71, കേരളം- 48, ഒഡിഷ- 4, പശ്ചിമ ബംഗാള്‍- 128 പേരാണ് മരിച്ചത്.

Update: 2019-08-11 05:41 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് പെരുമഴ തുടരുന്നു. ആഗസ്ത് 9 വരെയുള്ള കണക്കു പ്രകാരം 10 സംസ്ഥാനങ്ങളില്‍ 133 ജില്ലകളിലായി 722 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ജൂലൈയില്‍ അസമിലും കിഴക്കന്‍ ഇന്ത്യയുടെ ഭാഗങ്ങളിലും വന്‍നാശം വിതച്ച ശേഷമുള്ള മഴയുടെ രണ്ടാം വരവിലാണ് ഇത്രുയും പേര്‍ക്ക് ജീവഹാനി നേരിട്ടത്. മഹാരാഷ്ട്ര-190, ഗുജറാത്ത്- 57, അസം- 94, ബിഹാര്‍- 130, കര്‍ണാടക- 71, കേരളം- 48, ഒഡിഷ- 4, പശ്ചിമ ബംഗാള്‍- 128 പേരാണ് മരിച്ചത്.

നിരവധി ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താന്‍ സാധിച്ചിട്ടില്ല. അവിടെ നിന്നുള്ള കണക്കുകള്‍ കൂടി ലഭിക്കുമ്പോള്‍ മരണസംഖ്യ വന്‍തോതില്‍ ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണ സേനയിലെ 159 ടീമുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 16 യൂനിറ്റ് സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

നര്‍മദ നദി അപകടകരമായ രീതിയില്‍ നിറഞ്ഞിട്ടുണ്ട്. ഇതിന്റെ കരയിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരിപ്പ് 131.5 മീറ്റര്‍ എത്തിയതിനെ തുടര്‍ന്ന് ആഗസ്ത് 9ന് സര്‍ദാര്‍ സരോവര്‍ ഡാം ചതിത്രത്തില്‍ ആദ്യമായി തുറന്നു. 30 ഗേറ്റുകളില്‍ 21 എണ്ണമാണ് തുറന്നത്. 131.1 മീറ്ററാണ് അണക്കെട്ടിലെ അനുവദനീയമായ ജലനിരപ്പ്.

ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കനത്ത മഴപെയ്യുമെന്നാണു മുന്നറിയിപ്പ്. ആഗസ്ത് ആദ്യവാരം വിവിധ സംസ്ഥാനങ്ങളില്‍ ലഭിക്കേണ്ടതിലും എത്രയോ കൂടുതലാണ് മഴ ലഭിച്ചത്. ഗുജറാത്ത് 180 ശതമാനം, കൊങ്കണ്‍-ഗോവ 216 ശതമാനം, മധ്യമഹാരാഷ്ട്ര 318 ശതമാനം, ഉത്തര കര്‍ണാടക 233 ശതമാനം, ദക്ഷിണ കര്‍ണാടക 113 ശതമാനം, തീരദേശ കര്‍ണാടക 84 ശതമാനം, തെലങ്കാന 148 ശതമാനം, തീരദേശ ആന്ധ്ര 99 ശതമാനം, മറാത്ത്‌വാഡ 36 ശതമാനം അധിക മഴ ലഭിച്ചു.

ബാധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ 2000ലേറെ ക്യാംപുകളിലായി ഏഴര ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്. 10 ലക്ഷം ഹെക്ടറിലധികം കൃഷിനാശമുണ്ടായതായാണ് കണക്കാക്കുന്നത്.

Tags: