സൗജന്യ യാത്രകൾ വെട്ടിച്ചുരുക്കി റെയിൽവേ; അനാവശ്യ യാത്ര ഒഴിവാക്കാനെന്ന് മറുപടി

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളുടെ അനാവശ്യയാത്ര ഒഴിവാക്കുന്നതിനുവേണ്ടി ചില പ്രത്യേക വിഭാഗങ്ങള്‍ക്കുമാത്രമേ സൗജന്യയാത്ര അനുവദിക്കേണ്ടതുള്ളൂവെന്ന് റയില്‍വേ തീരുമാനിച്ചു.

Update: 2020-05-13 02:30 GMT

തിരുവനന്തപുരം: പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകളില്‍ ആത്യാവശ്യമല്ലാത്ത എല്ലാ സൗജന്യ യാത്രകളും റെയില്‍വേ റദ്ദാക്കി. ഇന്നലെ മുതല്‍ ആരംഭിച്ച ട്രെയിന്‍ സര്‍വീസിലാണ് പുതിയ നടപടി. വിദ്യാര്‍ഥികള്‍, 11തരം രോഗികള്‍, നാലുവിഭാഗത്തില്‍ പെട്ട ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മാത്രമേ സൗജന്യയാത്ര അനുവദിക്കൂവെന്ന് റയില്‍വേ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതിനാണ് ഇതെന്ന് റെയില്‍വേ വിശദീകരിക്കുന്നു. 

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളുടെ അനാവശ്യയാത്ര ഒഴിവാക്കുന്നതിനുവേണ്ടി ചില പ്രത്യേക വിഭാഗങ്ങള്‍ക്കുമാത്രമേ സൗജന്യയാത്ര അനുവദിക്കേണ്ടതുള്ളൂവെന്ന് റയില്‍വേ തീരുമാനിച്ചു. അഗര്‍ത്തല, ഹൗറ, ബിലാസ്പൂര്‍, മുംബൈ, അഹ്മദാബാദ്, ജമ്മു കശ്മീര്‍, തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ജമ്മു താവി തുടങ്ങിയ നഗരങ്ങളിലേക്കാണ് ട്രയിനുകള്‍ സര്‍വ്വീസ് ഇപ്പോള്‍ നടത്തുക. റയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടാവില്ല, ഓണ്‍ലൈന്‍ സംവിധാനത്തില്‍ മാത്രമേ നല്‍കുകയുള്ളൂ.

അതേസമയം, ഈമാസം 19 വരെ കേരളത്തിലേക്ക് ട്രെയിന്‍ ടിക്കറ്റ് ഇല്ല. ബുക്കിങ് ആരംഭിച്ച മൂന്ന് ട്രെയിനുകളുടെ ടിക്കറ്റുകള്‍ രണ്ടു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഈമാസം 13, 17, 19 എന്നീ തിയ്യതികളിലെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകളാണ് ഏതാനു സമയത്തിനകം വിറ്റുതീര്‍ന്നത്. 2930 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നുള്ള മടക്ക ട്രെയിനിനു ബുക്കിങ് ആരംഭിച്ചിട്ടില്ല. ഇന്നലെ ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന്റെ ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ ആദ്യ വണ്ടിയില്‍ കയറിപ്പറ്റാന്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ വന്‍ തിരക്കായിരുന്നു. മുംബൈയിലും ഡല്‍ഹിയിലുമുള്ളവരാണ് തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ സൈറ്റ് തുറക്കാനായി കാത്തുനിന്നത്. നാലുമുതല്‍ സൈറ്റില്‍ പ്രവേശിക്കാന്‍ നോക്കിയവര്‍ നിരാശരായി. പിന്നീട് രാത്രി എട്ടിനുശേഷമാണ് റിസര്‍വേഷന്‍ ചെയ്യാനായത്. 10 മണിയോടെ റിസര്‍വേഷന്‍ പൂര്‍ണമായി. ഡൽ​ഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ പാസഞ്ചർ ട്രെയിൻ ഇന്ന് പുറപ്പെടും. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ഞായർ, ചൊവ്വ ദിവസങ്ങളിലാണ് അടുത്ത ട്രെയിനുകൾ പുറപ്പെടുക.

Tags: