പ്രശസ്ത പഞ്ചാബി യുവഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു

കര്‍തര്‍പൂരിലേക്ക് പോവുന്നതിനിടെ ദില്‍ജാന്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് തകരുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Update: 2021-03-30 10:50 GMT

അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ (31) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അമൃത്‌സറിന് സമീപം ജന്‍ഡിയാല ഗുരുപട്ടണത്തിന് സമീപം അമൃത്സര്‍- ജലന്ധര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. കര്‍തര്‍പൂരിലേക്ക് പോവുന്നതിനിടെ ദില്‍ജാന്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് തകരുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറില്‍ ദില്‍ജാന്‍ മാത്രമാണുണ്ടായിരുന്നത്. ഹോള മൊഹല്ലയില്‍നിന്ന് മടങ്ങിയെത്തിയ ചില സിഖ് ഭക്തരാണ് ദില്‍ജാനെ ആശുപത്രിയിലെത്തിച്ചത്. കര്‍തര്‍പൂര്‍ സ്വദേശിയായ ദില്‍ജാന്‍ പഞ്ചാബിലെ യുവഗായകരില്‍ ശ്രദ്ധേയനായിരുന്നു. 2012ല്‍ ടെലിവിഷന്‍ റിയാലിറ്റിയായ സുര്‍ ക്ഷേത്രയിലെ വിജയിയായിരുന്നു. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഗായകര്‍ പങ്കെടുത്ത മല്‍സരമായിരുന്നു ഇത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദില്‍ജാന്‍ നിരവധി പഞ്ചാബി സിനിമകള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ട്. ദില്‍ജാന്‍ തന്റെ പുതിയ ഗാനങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു. 'തേരെ വാര്‍ജ്, ഹഞ്ജു എന്നീ ഗാനങ്ങള്‍ ഉടന്‍ വരുന്നു. കാത്തിരിക്കുക.. ഗായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രണ്ടുദിവസം മുമ്പ് കുറിച്ചിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. ഇരുവരും കാനഡയിലാണ്. അപകടത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ കാനഡയില്‍ താമസിക്കുന്ന ദില്‍ജാന്റെ കുടുംബം നാട്ടിലേക്ക് മടങ്ങുകയാണ്.

Tags:    

Similar News