പഞ്ചാബിലെ നാണംകെട്ട തോല്‍വി; കുറ്റപ്പെടുത്തേണ്ടത് ചന്നിയേയോ സിദ്ധുവിനേയോ?

ഈ തോല്‍വി പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ സംഭവിച്ച വീഴ്ചകളുടേയും പടലപ്പിണക്കങ്ങളുടേയും തൊഴുത്തില്‍കുത്തിന്റേയും ആകെത്തുകയാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തലമൂത്ത നേതാക്കള്‍ക്കൊന്നും ഈ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകാനാവില്ല.

Update: 2022-03-10 15:06 GMT
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം മുമ്പ് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരം കൈയാളിയ കോണ്‍ഗ്രസ് ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി അധികാരത്തില്‍ നിന്ന് പുറത്തായിരിക്കുന്നു. സംസ്ഥാനത്ത് നാലില്‍ മൂന്ന് സീറ്റുകളും നേടി വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.


ഈ തോല്‍വി പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ സംഭവിച്ച വീഴ്ചകളുടേയും പടലപ്പിണക്കങ്ങളുടേയും തൊഴുത്തില്‍കുത്തിന്റേയും ആകെത്തുകയാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തലമൂത്ത നേതാക്കള്‍ക്കൊന്നും ഈ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകാനാവില്ല.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രിപദത്തില്‍നിന്നു മാറ്റിയത് വിനയായോ?

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വളരെ ജനപ്രീതിയില്ലാത്ത ഒരു മുഖ്യമന്ത്രിയായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തെ നീക്കം ചെയ്യുന്നതിന് മുമ്പുള്ള കഴിഞ്ഞ ഒരു വര്‍ഷം. ക്യാപ്റ്റനെതിരേ ശക്തമായ ജനവികാരം ഉണ്ടായിരുന്നുവെന്നാണ് അടിതട്ടില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറുവശത്ത്, ചരണ്‍ജിത് ചന്നിക്കെതിരേയും അല്ലറി ചില്ലറ പരാതികളുണ്ടായിരുന്നെങ്കിലും മോശമല്ലാത്ത ജനപ്രീതി ഉണ്ടായിരുന്നു.


നാലര വര്‍ഷത്തിനിടെ ക്യാപ്റ്റന്‍ യാതൊന്നും ചെയ്തില്ലെന്നാണ് ദ ക്വിന്റ് പഞ്ചാബിലുടനീളം സഞ്ചരിച്ച് നടത്തിയ അഭിപ്രായ സര്‍വേയില്‍ പല വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന കാര്യം മറ്റൊരു വിഷയമാണെങ്കിലും പൊതുവെ ഇദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര മതിപ്പുണ്ടായിരുന്നില്ലെന്നത് വ്യക്തമാണ്. ആര്‍ക്കും പെട്ടെന്ന് ലഭ്യമല്ലാത്ത മുഖ്യമന്ത്രി എന്ന നിലയിലും ക്യാപ്റ്റന്‍ അറിയപ്പെട്ടിരുന്നു.

അദ്ദേഹം തന്റെ ഫാം ഹൗസില്‍ നിന്ന് ജോലി ചെയ്തിരുന്നതായും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പോലും പലപ്പോഴും ലഭ്യമല്ലായിരുന്നില്ലെന് പരാതിയും വ്യാപകമായി ഉയര്‍ന്നിരുന്നു.

ചരണ്‍ജിത് ചന്നിയെ നിയമിച്ച നീക്കം തെറ്റിയോ?

ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം മോശമായിരുന്നില്ല. മാത്രമല്ല, കോണ്‍ഗ്രസിനെ വീണ്ടും മല്‍സര രംഗത്തു കൊണ്ടുവരാന്‍ അദ്ദേഹത്തില്‍നിന്നു മികച്ച ശ്രമമാണ് ഉണ്ടായത്. ഹൃദ്യമായ പെരുമാറ്റവും സാധാരണക്കാരുമായി ഇടയ്ക്കിടെ അടുത്തിടപഴകികൊണ്ട് പ്രത്യക്ഷപ്പെട്ടതും ക്യാപ്റ്റന്റെ 'അകന്ന' പ്രതിച്ഛായയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി കൂടിയായത് കോണ്‍ഗ്രസിന് സമുദായത്തില്‍ നല്ല മനസ്സ് നേടാന്‍ സഹായിച്ചിരിക്കാം.ദലിതര്‍ 35 ശതമാനത്തിലധികമുള്ള ദോബ മേഖലയില്‍ തോല്‍വിക്കിടയിലും കോണ്‍ഗ്രസ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചുവെന്നതില്‍ ഇതിന്റെ ഫലം കാണാന്‍ കഴിയും.


എന്നിരുന്നാലും, അദ്ദേഹത്തിന്റെ അനന്തരവന്‍ക്കെതിരായ ഇഡി റെയ്ഡും പണം കണ്ടെടുത്തതും ചന്നിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും അദ്ദേഹത്തെ 'മാറ്റത്തിന്റെ' ഏജന്റായി കാണുന്നതില്‍ നിന്ന് തടയുകയും ചെയ്തുവെന്ന് സമ്മതിക്കേണ്ടി വരും.

എല്ലാം സിദ്ധുവിന്റെ തെറ്റായിരുന്നോ?

കോണ്‍ഗ്രസിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നവജ്യോത് സിങ് സിദ്ധുവിനും ചന്നിക്കും ഒരു പോലെ പങ്കുണ്ടെങ്കിലും കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പേരും മുഴുവന്‍ കുറ്റവും സിദ്ദുവിന്റെ മേല്‍ കെട്ടിവയ്ക്കുന്നുണ്ട്. അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹത്തിന്റെ തോല്‍വി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതുമാണ്.

സിദ്ദുവിന് ഒപ്പം പ്രവര്‍ത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്നാണ് കോണ്‍ഗ്രസിലെ പലരും അവകാശപ്പെടുന്നത്. ആദ്യം ക്യാപ്റ്റന്‍ സര്‍ക്കാരിനെയും പിന്നീട് ചന്നിയെയും നിരന്തരം വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ വലച്ചത് ചില്ലറയൊന്നുമല്ല. മുഖ്യമന്ത്രി പദം മോഹിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ പല വിമര്‍ശനങ്ങളുമെന്ന് എതിരാളികള്‍ ആരോപിക്കുന്നുണ്ട്.


എന്നിരുന്നാലും, മുഴുവന്‍ കുറ്റവും സിദ്ധുവിന്റെ മേല്‍ കെട്ടിവയ്ക്കുന്നത് തെറ്റാണ്. ക്യാപ്റ്റനെ മുഖ്യമന്ത്രി പദവിയില്‍നിന്ന് നീക്കാന്‍ നടത്തിയ ശ്രമത്തില്‍ തെറ്റില്ലെന്നാണ് താഴെതട്ടില്‍നിന്നുള്ള പൊതുവായ പ്രതികരണം. കാരണം അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരേ ജനരോഷം അത്രയ്ക്ക് ശക്തമായിരുന്നു.

നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും കൂടി സിദ്ദുവിന് പഞ്ചാബില്‍ നേരായ രാഷ്ട്രീയക്കാരനെന്ന പ്രതിച്ഛായ കൂടിയുണ്ട്. ദൈവനിന്ദാ കേസുകള്‍ പോലുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ന്യായമാണ്. സിഖ് സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമായ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതിലും പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഒപ്പം കൂട്ടാനുള്ള കഴിവില്ലായ്മയിലും സിദ്ധുവിന് തീര്‍ച്ചയായും തെറ്റുപറ്റിയിരിക്കാം.

കോണ്‍ഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ ഇവയാണ്.

കേന്ദ്ര നേതൃത്വത്തിന്റെ അവഗണന

ക്യാപ്റ്റന്‍ സര്‍ക്കാരിനെതിരേ വലിയ തോതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെ അമര്‍ഷം ഉയര്‍ന്നിട്ടും കേന്ദ്രനേതൃത്വം അവഗണിച്ചുവെന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അമ്പേ പരാജയമായിരുന്ന ക്യാപ്റ്റന്‍ അക്കാര്യങ്ങളില്‍ അല്‍പമെങ്കിലും ശ്രദ്ധപുലര്‍ത്തിയത് അവസാന നാളുകളിലായിരുന്നു.

ബിജെപിയുമായുള്ള ക്യാപ്റ്റന്റെ ബന്ധം തിരിച്ചറിയുന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി. നേതൃത്വം ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആവശ്യമെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്യണമായിരുന്നു.

നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം

ആദ്യം പാര്‍ട്ടി ക്യാപ്റ്റന്‍-സിദ്ദു പോരാട്ടത്തിന് അനുമതി നല്‍കി. തുടര്‍ന്ന് സിദ്ദുവിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചതോടെ അത് ക്യാപ്റ്റനുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് നയിച്ചു.

പിന്നെ ക്യാപ്റ്റനെ മാറ്റി നിര്‍ത്തിയപ്പോള്‍, പാര്‍ട്ടി ഒരു പിന്തുടര്‍ച്ച പദ്ധതിയെക്കുറിച്ച് മുന്‍കൂട്ടി ചിന്തിക്കേണ്ടതായിരുന്നു. സുനില്‍ ജാഖറിന് മുഖ്യമന്ത്രി പദവി നിഷേധിച്ചത് ഹിന്ദുവായതിന്റെ പേരിലാണെന്ന പഴി കേള്‍ക്കാന്‍ ഇടയാക്കി. തുടര്‍ന്ന് സുഖ്ജീന്ദര്‍ രണ്‍ധാവയുടെ പേര് പരിഗണിച്ചെങ്കിലും അവസാന നിമിഷം മാറ്റി ചന്നിയെ മുഖ്യമന്ത്രിയാക്കി.

ദലിതനെ മുഖ്യമന്ത്രിയാക്കുകയും പിന്നീട് ഉയര്‍ത്തിക്കാട്ടാതിരിക്കുകയും ചെയ്യുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് ചന്നിയെ നിയമിച്ച ശേഷവും പാര്‍ട്ടിക്ക് ബോധ്യപ്പെടേണ്ടതായിരുന്നു. അതുകൊണ്ട് തന്നെ ചന്നിയെ മുഖ്യമന്ത്രിയായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതു ചെയ്യാതിരുന്നത് ചന്നിയും സിദ്ധുവും തമ്മിലുള്ള ആശയക്കുഴപ്പം നിലനില്‍ക്കാന്‍ അനുവദിച്ചു. ഇത് അസ്ഥിരതയുടെ പ്രതീതി നല്‍കി.

ആഖ്യാനത്തിന്റെ അഭാവം

വ്യക്തമായ ആഖ്യാനത്തിന്റെ അഭാവവും പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചു. ക്യാപ്റ്റന്റെ കാലയളവ് എങ്ങനെ അവതരിപ്പിക്കുമെന്നതില്‍ പാര്‍ട്ടിയിലെ ആശയക്കുഴപ്പം ഉണ്ടായി. മാറ്റത്തിന്റെ ഏജന്റായി ചന്നിയെ അവതരിപ്പിക്കുകയാണെങ്കില്‍, അതിന്റെ അര്‍ത്ഥം ക്യാപ്റ്റന്‍ ഭരണ കാലയളവ് ദുര്‍ഭരണമായിരുന്നുവെന്ന വിലയിരുത്തലുണ്ടാവുമായിരുന്നു

മറുവശത്ത്, ആ കാലഘട്ടത്തിലെ 'നേട്ടങ്ങള്‍' ഉയര്‍ത്തിക്കാട്ടുകയാണെങ്കില്‍ പരാജയങ്ങളുടെ പാപ ഭാരം കൂടി ഏറ്റെടുക്കേണ്ടതായും വരും. അതേസമയം, കോണ്‍ഗ്രസ് മുന്നോട്ട് വച്ച കര്‍മ പദ്ധതികള്‍ എന്തെന്നതില്‍ വ്യക്തത കൊണ്ടുവരാന്‍ നേതൃത്വത്തനായില്ല.

അതിലെ 'കോണ്‍ഗ്രസ് മാംഗേ സര്‍ബത് ദാ ഭലാ' എന്ന മുദ്രാവാക്യവും അവ്യക്തത ഉളവാക്കുന്നതായിരുന്നു. സര്‍ബത് ദാ ഭല എന്ന പദപ്രയോഗം സിഖുകാരുടെ പ്രാര്‍ത്ഥനയില്‍ നിന്നുള്ളതാണ്. അതിന്റെ അര്‍ത്ഥം 'എല്ലാവര്‍ക്കും നല്ലത് വരട്ടെ' അല്ലെങ്കില്‍ 'എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ' എന്നാണ്. അതുകൊണ്ട് കോണ്‍ഗ്രസ് മുദ്രാവാക്യം അര്‍ത്ഥമാക്കുന്നത് 'കോണ്‍ഗ്രസ് എല്ലാവരുടെയും ക്ഷേമം ചോദിക്കുന്നു' എന്നാണ്. ഇവിടെ 'ചോദിക്കുന്നത്' എന്നത് തെറ്റായ പ്രയോഗമായിരുന്നു. കാരണം ഭരണകക്ഷി 'നല്‍കുകയാണ്' വേണ്ടിയിരുന്നത്.

പ്രധാന പ്രശ്‌നങ്ങളില്‍ നിഷ്‌ക്രിയത്വം

പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ദൈവനിന്ദാ കേസുകള്‍ പോലുള്ളതിലെ നിഷ്‌ക്രിയത്വം ഇതിനു ഉദാഹരണമാണ്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ അലട്ടുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തിലുള്ള അഴിമതിയും തൊഴിലില്ലായ്മയുമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

പിന്നീട് വര്‍ഷങ്ങളോളം, മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്ത പെന്‍ഷന്‍ നല്‍കിയില്ല. വൈദ്യുതി നിരക്ക് കുറക്കുമെന്ന വാഗ്ദാനവും നിറവേറ്റപ്പെട്ടില്ല.

കോണ്‍ഗ്രസിന് ഇനിയെന്ത്?

നവജ്യോത് സിങ് സിദ്ദുവിന് തലയുരുളാനുള്ള സാധ്യത ഏറെയാണ്. അമൃത്‌സര്‍ ഈസ്റ്റില്‍ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിനിടെ കുതികാല്‍വെട്ടിയതായി ആരോപണമുണ്ട്. സിദ്ദുവിന്റെ പരാജയം പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഇളക്കം തട്ടിച്ചേക്കും.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുക എന്നതായിരിക്കും കോണ്‍ഗ്രസിന് മുന്നിലുള്ള ആദ്യ വെല്ലുവിളി, പ്രത്യേകിച്ച് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി രണ്ട് സീറ്റുകളിലും പരാജയപ്പെടുകയും സിദ്ദുവിന് പരാജയം നേരിടേണ്ടി വരികയും ചെയ്ത സന്ദര്‍ഭത്തില്‍.

ദേരാ ബാബ നാനാക്കില്‍നിന്നു വിജയിച്ച ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയും ഖാദിയാനില്‍നിന്നു വിജയിച്ച മുന്‍ പിസിസി മേധാവി പര്‍താപ് സിംഗ് ബജ്‌വയുമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത പട്ടികയില്‍ മുമ്പിലുള്ളത്.

പാര്‍ട്ടി ഒരു യുവമുഖത്തേക്ക് പോകാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഗിദ്ദര്‍ബഹയിലെ അമരീന്ദര്‍ സിംഗ് രാജ വാറിംഗും ഒരു ഓപ്ഷനായിരിക്കാം. ഭോലാത്തിലെ സുഖ്പാല്‍ ഖൈറ മറ്റൊരു പ്രധാന വിജയിയാണ്.