കൊവിഡ് ബാധിച്ച പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍
ഛണ്ഡിഗഢ്: കൊവിഡ് ബാധിതരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഒരുലക്ഷം കിറ്റുകള്‍ നിലവില്‍ വിതരണത്തിന് തയ്യാറാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ തയ്യാറാക്കും. സ്വയം പരിപാലിച്ച് വീട്ടില്‍തന്നെ തുടരുക- മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. കൊവിഡ് പോസിറ്റീവായ നിരാലംബരായ കുടുംബങ്ങള്‍ക്ക് പത്തുകിലോ ആട്ട, രണ്ടുകിലോ പഞ്ചസാര, രണ്ടുകിലോ കടല എന്നിവയാണ് കിറ്റിലുള്ളത്.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പഞ്ചാബിലെ സ്ഥിതിഗതികളും ഗുരുതരമാണ്. രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അവസാനം 600ല്‍ താഴെ കേസുകള്‍ മാത്രം റിപോര്‍ട്ട് ചെയ്തിരുന്ന പഞ്ചാബില്‍ 6,472 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 53,426 സജീവ കേസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഇതുവരെ 8,772 കൊവിഡ് മരണങ്ങളാണ് പഞ്ചാബില്‍ രേഖപ്പെടുത്തിയത്.