തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങിനെതിരേ കേസ്

Update: 2022-02-19 12:23 GMT

അമൃത്‌സര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരേ പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിന് ശേഷവും വീടുകള്‍ കയറിയുള്ള പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാന്‍സ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാന്‍സ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിദ്ധു മൂസ്വാലയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മാന്‍സ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡോ.വിജയ് സിഗ്ലയുടെ പരാതിയിന്‍മേലാണ് കേസെടുത്തത്. ചരണ്‍ജിത് സിങ് ഛന്നി പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബദൗര്‍, ചംകൗര്‍ സാഹിബ് എന്നിങ്ങനെ രണ്ട് നിയമസഭാ സീറ്റുകളില്‍ നിന്നാണ് മല്‍സരിക്കുന്നത്. ഞായറാഴ്ചയാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News