കര്‍ഷകസമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ബിജെപിയില്‍നിന്ന് രാജിവച്ച് മുന്‍ എംപി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പോരാടുന്ന കര്‍ഷകരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും കഷ്ടപ്പാടുകളില്‍ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും തികഞ്ഞ അനാസ്ഥ കാണുക്കുന്നുവെന്നാരോപിച്ച് ലോക്‌സഭാ മുന്‍ എംപി ഹരീന്ദര്‍ സിങ് ഖല്‍സയാണ് ബിജെപിയില്‍നിന്ന് രാജിവച്ചത്.

Update: 2020-12-26 13:54 GMT

ചണ്ഡിഗഢ്: പുതിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്രസര്‍ക്കാരും പാര്‍ട്ടിയും കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ മുന്‍ എംപി ബിജെപിയില്‍നിന്ന് രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പോരാടുന്ന കര്‍ഷകരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും കഷ്ടപ്പാടുകളില്‍ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും തികഞ്ഞ അനാസ്ഥ കാണുക്കുന്നുവെന്നാരോപിച്ച് ലോക്‌സഭാ മുന്‍ എംപി ഹരീന്ദര്‍ സിങ് ഖല്‍സയാണ് ബിജെപിയില്‍നിന്ന് രാജിവച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അംഗമായാണ് ഖല്‍സ പഞ്ചാബിലെ ഫത്തേഗര്‍ സാഹിബില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍, എഎപി കേന്ദ്രനേതൃത്വവുമായുള്ള ഭിന്നതകളെത്തുടര്‍ന്ന് 2019 ല്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ബിജെപി നേതൃത്വം കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതകള്‍ ഉപരോധിച്ചുകൊണ്ട് നിരവധി സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഒരുമാസത്തിലേറെയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. കര്‍ഷകര്‍ക്ക് യാതൊരു ഭീഷണിയും നേരിടേണ്ടിവരില്ലെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി മോദി, പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും 'ചില ആളുകള്‍' കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്നുമാണ് പ്രസ്താവിച്ചത്.

Tags: