പഞ്ചാബ് എഎപി മന്ത്രിസഭ: മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 10 പേരുടെ പട്ടിക തയ്യാറായി; ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക ഭഗവന്ത് മന്‍ മാത്രം

Update: 2022-03-13 13:35 GMT

അമൃത്‌സര്‍: പഞ്ചാബില്‍ അധികാരം പിടിച്ച ആം ആദ്മി പാര്‍ട്ടിയുടെ നിയുക്ത മുഖ്യമന്ത്രിയായ ഭഗവന്ത് മന്‍ മാത്രമാവും ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യുക. 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പഞ്ചാബ് മന്ത്രിസഭയിലെ 10 അംഗങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഹര്‍പാല്‍ സിങ് ചീമ, അമന്‍ അറോറ, മേത്ത് ഹയര്‍, ജീവന്‍ ജ്യോത് കൗര്‍, കുല്‍താര്‍ സന്ദ്വാന്‍, ഛരണ്‍ജിത്ത്, കുല്‍വന്ദ് സിങ്, അന്‍മോള്‍ ഗഗന്‍ മാന്‍, സര്‍വ്ജിത്ത് കൗര്‍, ബാല്‍ജിന്ദര്‍ കൗര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ആദ്യപട്ടികയില്‍ മൂന്ന് വനിതകളാണ് ഇടംപിടിച്ചത്. കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി പിന്നീട് വെളിപ്പെടുത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ശനിയാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ടതിന് ശേഷമാണ് ഭഗവന്ത് മന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചത്. പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി യോഗത്തിന് ശേഷം രാജ്ഭവന് പുറത്ത് മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു, ഗവര്‍ണര്‍ സാഹിബ് അത് അംഗീകരിച്ചു- മന്‍ പറഞ്ഞു. വെള്ളിയാഴ്ച മൊഹാലിയില്‍ നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് 48 കാരനായ മന്നിനെ എഎപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെ ഭാഗമായുള്ള എഎപിയുടെ വിജയറാലി അമൃത്‌സറില്‍ നടക്കുകയാണ്. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്. സമൂഹത്തിലെ സമസ്ത മേഖലകളില്‍പ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍. പഞ്ചാബിലെ ആപ്പ് തരംഗത്തില്‍ 117 അംഗ നിയമസഭയില്‍ ജയിച്ച് കയറിയത് 92 പേരാണ്. ഇതില്‍ 82 പേര്‍ പുതുമുഖങ്ങള്‍, 11 വനിതകള്‍. എംഎല്‍മാരില്‍ 25 പേരിലധികം കര്‍ഷകരാണ്, 12 പേര്‍ ഡോക്ടര്‍മാര്‍, രണ്ട് ഗായകര്‍, 5 അഭിഭാഷകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍ മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ നീളുന്നു പട്ടിക.

ഡോക്ടര്‍മാരില്‍ മിന്നും വിജയം നേടിയത് മോഗയില്‍നിന്ന് ജയിച്ചുകയറിയ അമന്‍ദീപ് കൗറാണ്. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെയാണ് കൗര്‍ പരാജയപ്പെടുത്തിയത്. 2017ല്‍ 77 സീറ്റുകള്‍ നേടിയ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും സംസ്ഥാന പാര്‍ട്ടിയും ഉള്‍പ്പെടെയുള്ളവര്‍ 18 സീറ്റുകളിലേക്ക് ചുരുങ്ങി. പാര്‍ട്ടി നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു അവരുടെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Tags: