പുനെ ട്രക്ക് അപകടം: മരിച്ച ട്രക്ക് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസ്

Update: 2025-11-14 07:50 GMT

പുനെ: മഹാരാഷ്ട്രയില്‍ മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ ഉള്‍പ്പെട്ട ട്രക്കിന്റെ മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പുനെ പോലിസ്. ട്രക്കിന്റെ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. അപകടത്തില്‍ എട്ടുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മുംബൈ-ബെംഗളൂരു ഹൈവേയില്‍ നാവാലെ പാലത്തിലാണ് ഒന്നിലധികം വാഹനങ്ങള്‍ ഉള്‍പ്പെട്ട മാരകമായ അപകടം നടന്നത്. അപകടങ്ങള്‍ പതിവായതിന്റെ പേരില്‍ കുപ്രസിദ്ധമായ സ്ഥലമാണ് നാവാലെ പാലം. രണ്ട് വലിയ കണ്ടെയ്‌നര്‍ ട്രക്കുകള്‍ക്കിടയില്‍പെട്ട ഒരു കാര്‍ ഞെരിഞ്ഞമര്‍ന്ന് കത്തിയതിനെ തുടര്‍ന്ന് മൂന്ന് വാഹനങ്ങളിലും തീ പടരുകയായിരുന്നു.

'മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ട്രക്കിന്റെ ഉടമയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും മോട്ടോര്‍ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ഞങ്ങള്‍ കേസെടുത്തിട്ടുണ്ട്.' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജസ്ഥാന്‍ സ്വദേശികളായ ട്രക്ക് ഡ്രൈവര്‍ റുസ്തം ഖാന്‍ (35), ക്ലീനര്‍ മുഷ്താഖ് ഖാന്‍ (31), ട്രക്ക് ഉടമ താഹിര്‍ ഖാന്‍ (45) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുംബൈയിലേക്ക് പോകുകയായിരുന്ന വലിയ കണ്ടെയ്‌നര്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. മുന്നിലുണ്ടായിരുന്ന മറ്റൊരു വലിയ കണ്ടെയ്‌നറിലേക്ക് ഇടിച്ചുകയറുന്നതിന് മുന്‍പ്, ട്രക്ക് ഒരു മിനി-ബസ് ഉള്‍പ്പെടെ ഏതാനും വാഹനങ്ങളില്‍ ഇടിച്ചു. ഈ രണ്ട് ട്രക്കുകള്‍ക്കിടയില്‍പെട്ട് കാര്‍ പൂര്‍ണമായും തകര്‍ന്നുപോയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സാംഭാജി കദം പറഞ്ഞു.

കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. പുണെ ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ നാരായണ്‍പുരില്‍നിന്ന് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. മരിച്ച എട്ടാമത്തെയാള്‍ സത്താറ ജില്ലക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിലെ സിഎന്‍ജി കിറ്റ് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.