പൂനെയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മരണം; 12 പേര്‍ക്ക് പരിക്ക്

Update: 2021-10-23 01:09 GMT

പൂനെ: പൂനെയിലെ നാവ്‌ലെ പാലത്തിന് സമീപം കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പൂനെ- ബംഗളൂരു ഹൈവേയില്‍ നര്‍ഹെ ഏരിയയിലെ നവല്‍ പാലത്തിന് സമീപം രാത്രിയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന കാറില്‍ രാസവസ്തുക്കള്‍ കയറ്റിവന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് സിംഗഡ് റോഡ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് സീറ്റുള്ള കാറില്‍ ടാങ്കര്‍ ഇടിച്ച ശേഷം കണ്ടെയ്‌നര്‍ ട്രക്കിലും മറ്റ് വാഹനങ്ങളിലും ഇടിച്ചതായി പോലിസ് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. സിംഗഡ് റോഡ് പോലിസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും ഇരുവശത്തേക്കുമുള്ള ഗതാഗതം നിര്‍ത്തിവച്ചു. ടാങ്കറില്‍ രാസവസ്തുക്കളുള്ളതിനാല്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കുകയും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് നീക്കുകയും ചെയ്തു.

Tags: