പുതുച്ചേരിയില്‍ പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് മന്ത്രി നമശിവായം; ബിജെപിയിലേക്കെന്ന് സൂചന
മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം. ഉടന്‍തന്നെ രാജി പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ട്. ഒപ്പം ആറ് എംഎല്‍എമാരെയും രാജിവയ്പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ചെന്നൈ: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായമാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് വിടാന്‍ മടിക്കില്ലെന്നാണ് നമശിവായം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നമശിവായം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം. ഉടന്‍തന്നെ രാജി പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ട്. ഒപ്പം ആറ് എംഎല്‍എമാരെയും രാജിവയ്പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇന്നലെ വൈകീട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവുന്നതുമായി ബന്ധപ്പെട്ട് തന്റെ അനുയായികളുമായി സ്വകാര്യഹോട്ടലില്‍ അന്തിമകൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാനുള്ള നമശിവായത്തിന്റെ പദ്ധതിയെ സുല്‍ത്താന്‍പേട്ടിലെ മന്ത്രിയുടെ അനുയായികള്‍ എതിര്‍ത്തു. അതേസമയം, മന്ത്രിമാരെയും പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നുണ്ട്. 2016ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ആളായിരുന്നു നമശിവായം. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല.
പാര്‍ട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നല്‍കിയില്ലായെന്ന് നമശിവായം ആക്ഷേപമുന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ രാജിവച്ച ശേഷം നമശിവായം ഡല്‍ഹിയില്‍ പോയി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഈ മാസം 31ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പുതുച്ചേരിയിലെത്തുന്നുണ്ട്. ആ സമയത്തേക്ക് മൂന്നുമുതല്‍ ആറ് എംഎല്‍എ വരെ രാജിവയ്പ്പിച്ച് ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നമശിവായം നടത്തുന്നുണ്ടെന്നാണ് മാധ്യമറിപോര്‍ട്ടുകള്‍.

