വാക്‌സിനേഷന് ശേഷമുണ്ടായ പതിനൊന്ന് മരണങ്ങളില്‍ അന്വേഷണം വേണം; പൊതുജന ആരോഗ്യ വിദഗ്ധർ
വാക്‌സിനേഷന് ശേഷം മരിച്ച പതിനൊന്ന് ആരോഗ്യ- മുന്നണി പ്രവര്‍ത്തകരുടെ മരണത്തില്‍ അന്വേഷണം നടത്തിയതുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകളും ഇതുവരെ ലഭ്യമായിട്ടില്ല.
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്ന് ഇതുവരെയുണ്ടായ മരണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ചുണ്ടിക്കാട്ടി പൊതുജന ആരോഗ്യ വിദഗ്ധര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പ്രവര്‍ത്തകരുമുള്‍പ്പെടെ പതിനൊന്ന് പേരാണ് വാക്‌സിനേഷന് ശേഷം ഇതുവരെ മരിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് മാലിനി ഐസോള, എസ്പി കലന്തിരി, ടി ജേക്കബ് എന്നിവരടങ്ങിയ വിദഗ്ധരാണ് ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷനെ തുടര്‍ന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള യാതൊരു റിപോര്‍ട്ടുകളും ഇതുവരെയും പുറത്ത് വന്നിട്ടില്ല.
വാക്‌സിനേഷന് ശേഷം മരിച്ച പതിനൊന്ന് ആരോഗ്യ- മുന്നണി പ്രവര്‍ത്തകരുടെ മരണത്തില്‍ അന്വേഷണം നടത്തിയതുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകളും ഇതുവരെ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ വിശദമായ അന്വേഷം നടത്തുകയും പതിനൊന്ന് മരണങ്ങളും എങ്ങനെയാണ് സംഭവിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കണമെന്നുമാണ് പൊതുജന ആരോഗ്യ വിദ്ഗ്ധര്‍ കത്തില്‍ പറയുന്നത്.
ഈ 11 മരണങ്ങളും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് 19 വാക്‌സിനുകളില്‍ നല്‍കിയിട്ടുള്ള ഗുരുതരമായ പുതിയ ക്ലസ്റ്ററിനെ നിര്‍വചിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നെന്നാണ് കത്തില്‍ പറയുന്നത്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടാകുന്ന പ്രതികൂല സംഭവങ്ങളുടെ നിരീക്ഷണത്തിനായി ലോകാരോഗ്യ സംഘടനയുടെ ആഗോള മാനുവലില്‍ ക്ലസ്റ്ററുകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ആഗോള മാനുവല്‍ പ്രകാരം ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടതുണ്ട്. അതുവഴി പിഴവുകള്‍ പരിഹരിച്ച്, പൊതുജനങ്ങളെ ധൈര്യപ്പെടുത്തുക. അതുപോലെ തന്നെ വാക്‌സിനിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
