പ്രതിഷേധം കനത്തു; 'മുസ് ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന' അസം മുഖ്യമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തു

Update: 2026-02-08 08:30 GMT

ദിസ്പൂര്‍: അസം ബിജെപി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവച്ച വിവാദ വീഡിയോകള്‍ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് അവ നീക്കം ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തോക്കുപയോഗിച്ച് മുസ് ലിം സമുദായത്തില്‍പ്പെട്ടവരെന്ന് തോന്നിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതായി ചിത്രീകരിച്ച വീഡിയോയാണ് ഏറെ വിവാദം സൃഷ്ടിച്ചത്. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' (Point Blank Shot) എന്ന തലക്കെട്ടോടെ നല്‍കിയ ഈ വീഡിയോക്കെതിരെ 'വംശഹത്യക്കുള്ള ആഹ്വാനം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യപ്പെടുകയായിരുന്നു.

വീഡിയോ മുസ് ലിം ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും വംശഹത്യക്കുള്ള ആഹ്വാനമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. വീഡിയോ പ്രചരിപ്പിച്ചതിനെതിരേ അസം കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭരണഘടന വിരുദ്ധമായ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ കോടതി സ്വമേധയാ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.




Tags: