ബിജെപി നേതാക്കളെ ഹോട്ടലില്‍ ഘരാവോ ചെയ്ത് കര്‍ഷകര്‍; നേതാക്കള്‍ പോലിസ് സഹായത്തോടെ പിന്‍വാതില്‍വഴി പുറത്തിറങ്ങി
ഹോട്ടല്‍ ഒരു സജീവ ബിജെപി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹത്തിന്റെ മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കുനേരെയും പ്രതിഷേധം കടുപ്പിക്കുമെന്നും കര്‍ഷകര്‍
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനാഘോഷ പരിപാടിയ്‌ക്കെത്തിയ ബിജെപി നേതാക്കളെ പഞ്ചാബിലെ ഹോട്ടലില്‍ ഘരാവോ ചെയ്ത് ഭാരത് കിസാന്‍ യൂനിയന്‍ പ്രവര്‍ത്തകര്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷക്കരണ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ഈ കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു.
ബിജെപി നേതാക്കളെ ഹോട്ടലിനുപുറത്തേക്ക് വിടില്ലെന്ന് കര്‍ഷകര്‍ ശഠിച്ചതോടെ പോലിസെത്തി നേതാക്കളെ പിന്‍വാതില്‍വഴി പുറത്തെത്തിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ ഒത്തുകൂടിയ ഫാഗ്വാറയിലെ ഹോട്ടല്‍ ഒരു സജീവ ബിജെപി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹത്തിന്റെ മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കുനേരെയും പ്രതിഷേധം കടുപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
ഭാരത് കിസാന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് കിര്‍പാല്‍ സിങ് മുസാപൂരാണ് ഹോട്ടലിന് മുന്‍പിലുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ബിജെപി ബ്ലോക്ക്, ജില്ല ഭാരവാഹികളായ രാകേഷ് ദുഗ്ഗല്‍, പരംജിത്ത് പമ്മ മുന്‍ മേയര്‍ അരുണ്‍ കോസ്ല എന്നിവരെയാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഹോട്ടലില്‍ തടഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി സോം പ്രകാശ് എന്നിവര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് സംഘം ഹോട്ടല്‍ വളഞ്ഞത്. ബിജെപി മഹിളാ നേതാവ് ഭാരതി ശര്‍മ്മയടക്കമുള്ളവരെ ഹോട്ടലിനുള്ളിലേക്ക് കടത്തിവിടില്ലെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിലപാടെടുത്തു. കനത്ത സുരക്ഷാ വ്യൂഹം തീര്‍ത്തുകൊണ്ട് പോലിസ് ഹോട്ടലിനുള്ളിലെ ഓരോ നേതാവിനെയായി പിന്‍വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു.
