വസ്തു തര്‍ക്കം: തിരുനെല്‍വേലിയില്‍ നിസ്‌കാരം കഴിഞ്ഞ് വരികയായിരുന്ന റിട്ട.പോലിസ് ഉദ്യോസ്ഥനെ കൊലപ്പെടുത്തി
മധുര: തിരുനെല്‍വേലിയില്‍ വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് റിട്ടയേര്‍ഡ് പോലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. സബ് ഇന്‍സ്‌പെക്ടറായിരുന്ന സാക്കിര്‍ ഹുസൈന്‍ ബിജ്‌ലിയെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45ഓടെ താടിവീരന്‍ കോവില്‍ സ്ട്രീറ്റിലായിരുന്നു സംഭവം. നിസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാക്കിറിനെ ആയുധങ്ങളുമായെത്തിയ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. സാക്കിറിന്റെ കഴുത്തിനും മുഖത്തും തലയിലും കുത്തേറ്റു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗമായിരുന്നു സാക്കിര്‍. വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. തിരുനെല്‍വേലി ടൗണിലുള്ള 36 സെന്റ് ഭൂമിയുടെ പേരില്‍ സാക്കിറും മറ്റ് ചിലരുമായി കേസ് നടക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തനിക്ക് ഭീഷണിയുണ്ടെന്നും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു.