നാല് സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

Update: 2021-09-10 01:24 GMT

ചെന്നൈ: തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. എന്‍ ആര്‍ രവിയെ പുതിയ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. ബിഹാര്‍ സ്വദേശിയാണ് എന്‍ ആര്‍ രവി. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായി 2012ലാണ് വിരമിച്ചത്.

നിലവില്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ പവദി വഹിച്ചുവരികയായിരുന്നു രവി. 2019 ജൂലായിലായിരുന്നു ഇദ്ദേഹം നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായത്. പഞ്ചാബിന്റെ അധിക ചുമതലകൂടി വഹിച്ചുവന്ന തമിഴ്‌നാട് ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതിനെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. ബേബി റാണി മൗര്യ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന പദവിയില്‍ ആര്‍മി ഡെപ്യൂട്ടി ചീഫായി വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിങ്ങിനെ ഉത്തരാഖണ്ഡ് ഗവര്‍ണറായി നിയമിച്ചു.

ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോഴ്‌സില്‍നിന്നും നാഷനല്‍ ഡിഫന്‍സ് കോളജില്‍നിന്നും ബിരുദമെടുത്ത ലഫ്റ്റനന്റ് ജനറല്‍ സിങ്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിലെ ഇന്ത്യാ- ചൈന അതിര്‍ത്തി വിഷയത്തില്‍ ഗവേഷണ പണ്ഡിതനുമാണ്. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയാണ് നാഗാലാന്‍ഡിന്റെ അധിക ചുമതല വഹിക്കുന്നതെന്ന് രാഷ്ട്രപതി ഭവന്‍ കമ്മ്യൂണിക്കില്‍ പറയുന്നു. മേല്‍പ്പറഞ്ഞ നിയമനങ്ങള്‍ ഗവര്‍ണര്‍മാര്‍ ഓഫിസുകളുടെ ചുമതല വഹിക്കുന്ന തിയ്യതികളില്‍ പ്രാബല്യത്തില്‍ വരും.

Tags: