മഹാരാഷ്ട്രയില്‍ പ്രസവത്തിനായി ആറ് കിലോമീറ്റര്‍ നടന്ന് ആശുപത്രിയിലെത്താന്‍ ശ്രമിച്ച ഗര്‍ഭിണി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ഗ്രാമത്തില്‍ പ്രസവത്തിനായി ആറ് കിലോമീറ്റര്‍ നടന്ന് ആശുപത്രിയിലെത്താന്‍ ശ്രമിച്ച ഗര്‍ഭിണി മരിച്ചു. ഗഡ്ചിരോളി ജില്ലയിലെ എറ്റപ്പള്ളി, ആല്‍ദണ്ടി തോല സ്വദേശി ആശ സന്തോഷ് കിരംഗ (24)യാണ് ഗാരുണമായി കൊല്ലപ്പെട്ടത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന ആശ സന്തോഷ് കിരംഗ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാല്‍നടയാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.
വാഹന ഗതാഗതമില്ലാത്ത ഒറ്റപ്പെട്ട ഗ്രാമമാണ് ഗഡ്ചിരോളിയിലെ എറ്റപ്പള്ളിയിലെ ആല്‍ദണ്ടി തോല ഗ്രാമം ഗ്രാമം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ വാഹന ഗതാഗത സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമത്തില്‍ നിന്ന് മെച്ചപ്പെട്ട ചികിത്സാ പരിരക്ഷ തേടി നടന്നതാണ് ആശ സന്തോഷ് കിരംഗ.
'യുവതിയുടെ ജന്മനാടായ ആല്‍ദണ്ടി തോല ഗ്രാമം പ്രധാന റോഡില്‍ നിന്ന് ഒറ്റപ്പെട്ടതാണ്, അവിടെ പ്രസവത്തിനുള്ള സൗകര്യങ്ങളില്ല. സമയബന്ധിതമായ സഹായം പ്രതീക്ഷിച്ച് രോഗി ജനുവരി ഒന്നിന് ഭര്‍ത്താവിനൊപ്പം കാട്ടുപാതകളിലൂടെ ആറ് കിലോമീറ്റര്‍ നടന്ന് പെത്തയിലെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടതാണ്. എന്നാല്‍ കാല്‍നടയാത്രയ്ക്കിടെ യുവതി മരിക്കുകയായിരുന്നു'' - ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. പ്രതാപ് ഷിന്‍ഡെ പറഞ്ഞു.
സഹോദരിയുടെ ഗ്രാമത്തിലെത്തുന്നതിനിടെ യുവതിയ്ക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. ആംബുലന്‍സില്‍ യുവതിയെ ഹെഡ്രിയിലെ കാളി അമ്മാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ സിസേറിയന്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചെങ്കിലും ഗര്‍ഭപാത്രത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനാല്‍ അമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
