പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

Update: 2021-08-05 06:18 GMT

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് രാജിവച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സജീവ പൊതുജീവിതത്തില്‍നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായിരുന്നു പ്രശാന്ത് കിഷോര്‍. തന്റെ അടുത്ത നീക്കം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അമരീന്ദര്‍ സിങ്ങിന് അയച്ച കത്തില്‍ പ്രശാന്ത് കിഷോര്‍ പറയുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, പൊതുജീവിതത്തിലെ സജീവമായ പങ്കാളിത്തത്തില്‍നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുകയാണ്.

ഈ തീരുമാനം കണക്കിലെടുത്ത് നിങ്ങളുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തങ്ങള്‍ ഇനി ഏറ്റെടുക്കാനാവില്ല. എന്റെ ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഉത്തരവാദിത്തത്തില്‍നിന്ന് എന്നെ ഒഴിവാക്കണമെന്ന് നിങ്ങളോട് അഭ്യര്‍ഥിക്കുന്നു- കിഷോര്‍ കത്തില്‍ അമരീന്ദര്‍ സിങ്ങിന് അയച്ച ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാവുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ പുതിയ നീക്കം.

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഉറപ്പും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ട്. പശ്ചി മബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കായി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. അടുത്ത വര്‍ഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. തന്റെ എതിരാളിയായ നവജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശാന്ത് കിഷോറിന്റെ രാജി മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Tags:    

Similar News