എന്‍ഐഎ കോടതിയില്‍ തട്ടിക്കയറി പ്രജ്ഞാസിങ്

വൃത്തിഹീനമായതും പൊടിയുള്ളതും ബലമില്ലാത്തതുമായ കസേരയാണോ എംപിയായ തനിക്ക് നല്‍കിയതെന്നു പറഞ്ഞ് അഭിഭാഷകനോട് തട്ടിക്കയറിയ പ്രജ്ഞാസിങ് ജഡ്ജിയോട് പരാതിപ്പെടുകയും ചെയ്തു

Update: 2019-06-08 16:52 GMT

മുംബൈ: വൃത്തിഹീനമായ കസേര നല്‍കിയെന്ന് ആരോപിച്ച് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാസിങ് താക്കൂര്‍ എന്‍ ഐഎ കോടതിയില്‍ തട്ടിക്കയറി. മുബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വൃത്തിഹീനമായതും പൊടിയുള്ളതും ബലമില്ലാത്തതുമായ കസേരയാണോ എംപിയായ തനിക്ക് നല്‍കിയതെന്നു പറഞ്ഞ് അഭിഭാഷകനോട് തട്ടിക്കയറിയ പ്രജ്ഞാസിങ് ജഡ്ജിയോട് പരാതിപ്പെടുകയും ചെയ്തു. കുറ്റാരോപിതരോട് മനുഷ്യത്വപരമായി പെരുമാറണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കുറ്റാരോപിതര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കാറില്ലെന്നും കഴിയാവുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കിയിരുന്നുവെന്നും എന്‍ഐഎ അഭിഭാഷകന്‍ മറുപടി നല്‍കി.

    അതിനിടെ, 2008 സെപ്തംബര്‍ 29ന് നടന്ന മലേഗാവ് സ്‌ഫോടനക്കേസില്‍ തനിക്ക് പങ്കില്ലെന്ന് വിചാരണയ്ക്കിടെ പ്രജ്ഞാസിങ് ആവര്‍ത്തിച്ചു. നേരത്തേ, രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും പ്രജ്ഞാ സിങ് കോടതിയില്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയും നോട്ടീസ് നല്‍കിയപ്പോള്‍ രക്തസമ്മര്‍ദം മൂലം ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. ഇനിയും ഹാജരായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ ഹാജരായത്.



Tags:    

Similar News