'കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും' കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വവാദികള്‍

Update: 2025-12-19 07:56 GMT

ചെന്നൈ: തമിഴ് സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥന്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച പ്രദീപ് ഇന്ന് തിരക്കുള്ള നായകനാണ്. തുടര്‍ച്ചയായി മൂന്ന് നൂറ് കോടി സിനിമകള്‍ സമ്മാനിച്ചാണ് പ്രദീപ് തമിഴകത്ത് തന്റെ ഇടം ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡ്യൂഡില്‍ മമിത ബൈജു ആയിരുന്നു നായിക. ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി കേരളത്തിലുമെത്തിയിരുന്നു പ്രദീപ്.

കേരളത്തിലെത്തിയപ്പോഴുള്ള പ്രദീപിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിഡിയോയാണ് വൈറലായി മാറുന്നത്. കേരളത്തിലെ ഭക്ഷണം കഴിച്ചുനോക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്ന പ്രദീപിന്റെ വിഡിയോയാണ് വൈറലാകുന്നത്. തീര്‍ച്ചയായും, പൊറോട്ടയും ബീഫും കഴിക്കണം എന്നാണ് പ്രദീപ് നല്‍കുന്ന മറുപടി.

രണ്ട് മാസം മുമ്പുള്ളതാണ് ഈ വിഡിയോ. സനാതന്‍ കന്നഡ എന്ന പേജിലൂടെയാണ് ഈ വിഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പ്രദീപിനെതിരെ കടുത്ത അധിക്ഷേപവും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണ് പോസ്റ്റ്. പൊറോട്ടയും ബീഫും കഴിക്കുന്നുവെന്നതാണ് പ്രദീപിനെതിരായ സൈബര്‍ ആക്രമണത്തിന് ഹിന്ദുത്വവാദികള്‍ കണ്ടെത്തിയ കുറ്റം.

കോളനി എന്നതിന് തുല്യമായി ഹിന്ദിയില്‍ ഉപയോഗിക്കുന്ന അധിക്ഷേപ പ്രയോഗമായ ചപ്രി എന്ന വാക്കുപയോഗിച്ചാണ് പ്രദീപിനെ കടന്നാക്രമിക്കുന്നത്. ഇതുപോലുള്ള ചപ്രി നടന്മാരുടെ സിനിമകളെ പിന്തുണയ്ക്കരുത്. 'ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ ആരായാലും അവരെ പൂര്‍ണമായും തള്ളിക്കളയുക, അവരെ പിന്തുണയ്ക്കരുത്. ഈ ധര്‍മദ്രോഹിയുടെ വരാനിരിക്കുന്ന സിനിമയേയും ബോയ്ക്കോട്ട് ചെയ്യുക' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് പറയുന്നത്.

താരത്തിനെതിരെ നിരവധി പേരാണ് അധിക്ഷേപവുമായെത്തിയിരിക്കുന്നത്. താരത്തിന്റെ നിറത്തേയും രൂപത്തേയുമെല്ലാം അധിക്ഷേപിക്കുന്ന വംശീയാധിക്ഷേപ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്പും പലപ്പോഴായി സോഷ്യല്‍ മീഡിയയുടെ ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുള്ള നടനാണ് പ്രദീപ്. അതേസമയം താരത്തിന് പിന്തുണയുമായും നിരവധി പേരെത്തുന്നുണ്ട്.




Tags: