സ്വര്‍ണ കടത്ത് കേസ് പ്രതി നടി റന്യ റാവുവിന്റെ പിതാവായ ഡിജിപിയുടെ അശ്ലീല വിഡിയോ; കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ വിവാദം

Update: 2026-01-19 13:56 GMT

ബെംഗളൂരു: ഔദ്യോഗിക ചേംബറില്‍ വച്ച് യുവതിയുമായി അശ്ലീല ചേഷ്ടകളുമായി ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍. വീഡിയോ വൈറലായതോടെ കര്‍ണാടകയില്‍ വന്‍ വിവാദം. നേരത്തെ സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥന്‍ ഓഫിസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അടക്കമുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറില്‍ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് പുറത്ത് വരുന്ന വിവരം. ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും ആണ് നടന്നതെന്നാണ് രാമചന്ദ്ര റാവുവിനെതിരെ ഉയരുന്ന വിമര്‍ശനം. വീഡിയോയിലുള്ള യുവതി വ്യത്യസ്ത വേഷങ്ങളില്‍ രാമചന്ദ്ര റാവുവിന്റെ ഓഫിസ് ചേംബറിലെത്തിയതായാണ് വീഡിയോ ദൃശ്യം നല്‍കുന്ന സൂചന. പീഡന സംബന്ധിയായ പരാതിയൊന്നും വീഡിയോയേ ചൊല്ലി ലഭിച്ചിട്ടില്ല. സംഭവം വൈറലായതിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പോലിസ് വകുപ്പില്‍ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതേസമയം വീഡിയോ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് മുഖേന നിര്‍മ്മിച്ചതാണെന്നാണ് രാമചന്ദ്ര റാവു വിശദമാക്കുന്നത്.

തന്നെ ചിലര്‍ കുരുക്കാന്‍ ലക്ഷ്യമിടുന്നുവെന്നുമുള്ള പ്രത്യാരോപണമാണ് രാമചന്ദ്ര റാവു നടത്തിയത്. ഇത് ആദ്യമായല്ല രാമചന്ദ്ര റാവു വിവാദങ്ങളില്‍ കുടുങ്ങുന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റാവുവിന്റെ വളര്‍ത്തുമകള്‍ സ്വര്‍ണ കടത്തില്‍ അറസ്റ്റിലായത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് 14.8 കിലോ സ്വര്‍ണമാണ് രന്യയില്‍ നിന്ന് പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. റന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റന്യക്കായി സുരക്ഷാ പ്രോട്ടോക്കോളുകള്‍ മനപൂര്‍വ്വം മറികടന്നതായി വ്യക്തമായതോടെ രാമചന്ദ്ര റാവു സംശയത്തിന്റെ നിഴലിലായിരുന്നു.





Tags: