പട്‌ന: ബിഹാറില്‍ രാത്രി പട്രോളിംങിനിടെ ഗര്‍ഭിണിയായ യുവതിയെ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള ഒരു പോലിസുകാരന്‍ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസാണ് വിഡിയോ എക്‌സിലൂടെ പുറത്ത് വിട്ടത്. പട്‌നയിലെ മറൈന്‍ ഡ്രൈവിലാണ് സംഭവം.
യുവതി പോലിസുകാരന്‍ കയറിയിരിക്കുന്ന സ്‌കൂട്ടറിന് മുന്നില്‍ നില്‍ക്കുന്നതും അയാള്‍ മുന്നോട്ട് പോകുന്നത് തടയാന്‍ ശ്രമിക്കുന്നതും കാണാം. പിന്നാലെ ഇയാള്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്‌കൂട്ടറിന് മുന്നിലായി യുവതിയെ അല്‍പദൂരം വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. യുവതി എത്ര പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ സ്‌കൂട്ടര്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. പിന്നാലെ മറ്റൊരു പോലിസുകാരന്‍ എത്തിയാണ് രംഗം ശാന്തമാക്കുന്നത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ കയറി പോകാന്‍ തുടങ്ങുമ്പോളും ഉദ്യോഗസ്ഥനും യുവതിയും വാഗ്വാദം തുടരുന്നതും വിഡിയോയിലുണ്ട്.
സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അയാളുടെ പ്രവൃത്തികള്‍ക്ക് അയാള്‍ ശിക്ഷിക്കപ്പെടണമെന്നും നെറ്റിസണ്‍സ് വിഡിയോക്ക് താഴെ കുറിച്ചു. സാധാരണക്കാരെ പോലിസ് ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് മറ്റൊരാളും കുറിച്ചു. എവിടെയും ആരും സുരക്ഷിതരല്ല എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
രോഷം കനത്തതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി പട്‌ന പോലിസും രംഗത്തെത്തി. കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലിസ് എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. വിഡിയോ അന്വേഷണത്തിന്റെ ഭാഗമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും പോലിസ് അറിയിച്ചു.
