പാര്‍ട്ടിക്കിടെ റെയ്ഡിനായി പോലിസെത്തി; ബെംഗളൂരുവില്‍ നാലാംനിലയില്‍ നിന്ന് പൈപ്പ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: പാര്‍ട്ടിക്കിടെ പോലിസ് റെയ്ഡിനെത്തിയപ്പോള്‍ നാലാംനിലയില്‍നിന്ന് പൈപ്പ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് വീണ് പരിക്കേറ്റു. ബെംഗളൂരു ബ്രൂക്ക്ഫീല്‍ഡിലെ 'സീ എസ്റ്റ' ലോഡ്ജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 21-കാരിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് യുവതിയും ഏഴ് സുഹൃത്തുക്കളും ബ്രൂക്ക്ഫീല്‍ഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്ന് മുറികളിലായി ഇവര്‍ പാര്‍ട്ടി നടത്തുകയായിരുന്നു. പുലര്‍ച്ചെയും പാര്‍ട്ടി തുടര്‍ന്നതോടെ ബഹളവും മറ്റും ചൂണ്ടിക്കാട്ടി സമീപവാസികള്‍ പോലിസില്‍ വിളിച്ച് പരാതി അറിയിച്ചു. തുടര്‍ന്ന് പോലിസ് ലോഡ്ജിലെത്തി യുവാക്കളെ ശാസിച്ചു. ഇതിനിടെയാണ് പരിഭ്രാന്തയായ യുവതി മുറിയിലെ ബാല്‍ക്കണിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ബാല്‍ക്കണിയില്‍നിന്ന് കെട്ടിടത്തിന്റെ ഭിത്തിയോട് ചേര്‍ന്ന് ഘടിപ്പിച്ച മാലിന്യപൈപ്പ് വഴി താഴേക്കിറങ്ങാനായിരുന്നു ശ്രമം. ഇതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെ, ലോഡ്ജ് മുറിയിലെത്തിയ പോലിസ് സംഘം, യുവാക്കളില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സംഭവത്തില്‍ ലോഡ്ജ് ഉടമയ്ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.