ഫലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കരുത് ; ഡല്‍ഹിയിലെ പള്ളി ഇമാമുമാര്‍ക്ക് പോലിസിന്റെ നോട്ടിസ്
ഡല്‍ഹി: ഗസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ പള്ളിയിലെ ഇമാമുമാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളടങ്ങിയ നോട്ടിസുമായി ഡല്‍ഹി പോലിസ്. പള്ളിയില്‍ ഫലസ്തീനു വേണ്ടി പ്രാര്‍ത്ഥിക്കരുതെന്നാണു നിര്‍ദേശം. ഫലസ്തീന്റെ പേരു തന്നെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കരുതെന്നും ഉത്തരവുണ്ട്. ഉറുദു ദിനപത്രമായ 'ഇങ്ക്വിലാബ്' ആണ് പള്ളികളിലെ ഇമാമുമാര്‍ക്ക് ഡല്‍ഹി പാേസ് നോട്ടിസ് നല്‍കിയ വിവരം പുറത്തുവിട്ടത്. ജുമുഅ ദിവസം ഉള്‍പ്പെടെ ഫലസ്തീനു വേണ്ടിയുള്ള പ്രസംഗത്തിനും പ്രാര്‍ത്ഥനയ്ക്കും വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പും പോലിസ് നല്‍കിയിട്ടുണ്ട്.
പോലിസ് ഉത്തരവിനെതിരെ സമാജ്വാദി പാര്‍ട്ടി ലോക്സഭാ അംഗം ഖന്‍വര്‍ ഡാനിഷ് അലിയും ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവ് ഖാസിം റസൂല്‍ ഇല്യാസും രംഗത്തെത്തി.പോലിസ് പള്ളിയില്‍ ചെന്നു പ്രാര്‍ത്ഥന തടയുന്നത് തീര്‍ത്തും തെറ്റാണെന്ന് എം.പി പറഞ്ഞു. രാജ്യത്തിന്റെ വിദേശനയം തന്നെ ഫലസ്തീനൊപ്പമാണ്. ഇന്ത്യ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധിജിയുടെ കാലം മുതല്‍ രാജ്യം ഇതേ നിലപാടാണു തുടരുന്നത്. രാജ്യത്തിന്റെ നയത്തിനനുസരിച്ചാകണം പോലിസും പ്രവര്‍ത്തിക്കേണ്ടതെന്നും ഡാനിഷ് അലി കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണു നമ്മള്‍ സ്വയം അവകാശപ്പെടുന്നത്. എന്നിട്ടും മര്‍ദിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഖാസിം റസൂല്‍ കുറ്റപ്പെടുത്തി. ഫലസ്തീനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഒരു കുറ്റവുമല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ പോലിസിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
