റോഡരികില്‍ ജുമുഅ നമസ്‌കരിച്ചവരെ ചവിട്ടിയ പോലിസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

Update: 2024-03-08 16:15 GMT

ന്യൂഡല്‍ഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് റോഡരികില്‍ ജുമുഅ നമസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡല്‍ഹി പോലിസ് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പോലിസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (നോര്‍ത്ത്) എം കെ മീണ അറിയിച്ചു.

വടക്കന്‍ ഡല്‍ഹിയിലെ ഇന്ദര്‍ലോക് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. നമസ്‌കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പോലിസുകാരന്‍ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ, കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

സംഭവം ലജ്ജാകരമാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് പറഞ്ഞു. ചവിട്ടുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചു. 'റോഡില്‍ നമസ്‌കരിക്കുന്ന വിശ്വാസികളെ ഡല്‍ഹി പോലിസ് ചവിട്ടുന്നു. ഇതിലപ്പുറം എന്ത് നാണക്കേടാണുള്ളത്?' -കോണ്‍ഗ്രസ് ചോദിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പള്ളികളില്‍ സ്ഥലം തികയാതെ വരുമ്പോള്‍ നഗരത്തിലും മറ്റും സമീപത്തെ റോഡരികുകള്‍ പ്രാര്‍ഥനകള്‍ക്ക് ഉപയോഗിക്കുന്നത് സാധാരണയാണ്. 10 മിനിറ്റില്‍ താഴെ മാത്രമാണ് നമസ്‌കരിക്കാന്‍ എടുക്കുന്ന സമയം. ഇതിനിടെയാണ് പ്രാര്‍ഥനാനിരതരായ വിശ്വാസികളെ പോലിസുകാരന്‍ ചവിട്ടി വീഴ്ത്തിയത്.

നേരത്തെ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റോഡില്‍ പ്രാര്‍ത്ഥിച്ചതിന് മുസ്‌ലിംകളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ 35 കാരനായ ട്രക്ക് ഡ്രൈവറെ അനുമതിയില്ലാതെ നമസ്‌കരിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. 2023-ല്‍ ഉത്തര്‍പ്രദേശിലുടനീളം നിരവധി അറസ്റ്റുകള്‍ രേഖപ്പെടുത്തി. 2023 ഏപ്രിലില്‍ അനുവാദമില്ലാതെ പള്ളിക്ക് പുറത്ത് പെരുന്നാള്‍ നമസ്‌കാരം നടത്തിയതിന് യു.പി കാണ്‍പൂരില്‍ മൂന്ന് സ്ഥലങ്ങളിലായി 1,700ലധികം പേര്‍ക്കെതിരെ കേസെടുത്തു. ബറേലിയിലും 57 പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.






Tags: