പ്രതിഷേധക്കാര്‍ക്കുനേരേ പോലിസ് വെടിവയ്പ്; എംപിമാരും എംഎല്‍എമാരും നാളെ മംഗളൂരുവിലേക്ക്

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുല്ല, എം സി കമറുദ്ദീന്‍ തുടങ്ങിയവരാണ് മംഗളൂരുവില്‍ പോവുന്നത്.

Update: 2019-12-22 11:09 GMT

മംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരേ മംഗളൂരുവില്‍ സമരം നടത്തിയ ജനങ്ങളെ വെടിവച്ചും ആക്രമിച്ചും കൊലപ്പെടുത്തിയ ഭരണകൂടഭീകരതയ്‌ക്കെതിരായ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി എംപിമാരും എംഎല്‍എമാരും നാളെ മംഗളൂരുവിലേക്ക് പോവും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുല്ല, എം സി കമറുദ്ദീന്‍ തുടങ്ങിയവരാണ് മംഗളൂരുവില്‍ പോവുന്നത്. രാവിലെ 10 മണിക്ക് ഇവര്‍ മംഗളൂരുവില്‍ എത്തിച്ചേരും.

പോലിസ് വെടിവയ്പിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റവരെ സംഘം സന്ദര്‍ശിക്കും. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധം നടത്തിയവര്‍ക്കുനേരേ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മംഗളൂരുവില്‍ നിരോധനാജ്ഞയും കര്‍ഫ്യൂവും പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പ്രതിഷേധ പരിപാടി നടത്തിയ ബിനോയ് വിശ്വം അടക്കമുള്ളവരെ കര്‍ണാടക പോലിസ് കസ്റ്റഡിയിലെത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് വിട്ടയച്ചത്. 

Tags:    

Similar News