കര്‍ഷകപ്രക്ഷോഭം: 'ദി വയര്‍' എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെയും കേസ്

രാജ്യത്തെ ഐക്യത്തിനെതിരേ മുന്‍വിധിയോടെയുള്ള വാദങ്ങള്‍, പൊതുകുഴപ്പങ്ങള്‍ക്ക് കാരണമാവുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് കേസെടുത്തത്. ഐപിസി 153 ബി, 505 (2) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Update: 2021-01-31 13:06 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കൊല്ലപ്പെട്ട കര്‍ഷകനെക്കുറിച്ച് വാര്‍ത്ത പങ്കുവച്ചതിന്റെ പേരില്‍ 'ദി വയര്‍' എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരേയും പോലിസ് കേസെടുത്തു. രാജ്യത്തെ ഐക്യത്തിനെതിരേ മുന്‍വിധിയോടെയുള്ള വാദങ്ങള്‍, പൊതുകുഴപ്പങ്ങള്‍ക്ക് കാരണമാവുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് കേസെടുത്തത്. ഐപിസി 153 ബി, 505 (2) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


ഡല്‍ഹിയില്‍ മരിച്ച കര്‍ഷകന്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗ്രാമത്തില്‍നിന്നുള്ളയാളാണ്. പ്രദേശവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മരിച്ച കര്‍ഷകന്റെ ബന്ധുക്കള്‍ പറയുന്നതാണ് വെബ് പോര്‍ട്ടല്‍ വാര്‍ത്തയായി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മരിച്ച നവരീത് സിങ്ങിന്റെ ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയതിന്റെ മുറിവുകള്‍ കണ്ടെത്തിയതായി കുടുംബം പറയുന്നു. ഡോക്ടര്‍മാരിലൊരാള്‍ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്.

ട്രാക്ടര്‍ മറിഞ്ഞല്ല നവരീത് സിങ് മരിച്ചതെന്നും പോലിസ് വെടിവയ്പ്പിലാണെന്നും കുടുംബം പറയുന്നു. ഈ വാര്‍ത്തയാണ് വരദരാജന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. അതേസമയം, ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലിസ് വെടിവച്ചിട്ടില്ലെന്നാണ് തെളിയിക്കുന്നത്. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ബറേലി മേഖലയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അവിനാശ് ചന്ദ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സിദ്ധാര്‍ഥ് വരദരാജനെ കൂടാതെ ശശി തരൂര്‍ എംപി, ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷനല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സികൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളാണ് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News