ധര്‍മസ്ഥലയിലെ 15 വര്‍ഷത്തെ അസ്വാഭാവികമരണങ്ങളുടെ രേഖകളും പോലിസ് നശിപ്പിച്ചു; ആക്ഷന്‍ കമ്മിറ്റി ഭാരവാഹിക്ക് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി

Update: 2025-08-03 10:38 GMT

ധര്‍മസ്ഥല: ധര്‍മസ്ഥല സംഭവവുമായി ബന്ധപ്പെട്ട് പോലിസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലിസ് സ്റ്റേഷനില്‍നിന്ന് നീക്കംചെയ്തെന്നാണ് വെളിപ്പെടുത്തല്‍. വിവരാവകാശപ്രവര്‍ത്തകനും ധര്‍മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പോലിസില്‍ നിന്ന് ഈ മറുപടി ലഭിച്ചത്.

1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ പോലിസ് സ്റ്റേഷനില്‍നിന്ന് 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കംചെയ്തെന്ന് പറയുന്നതും ഏറെ ദുരൂഹമാണ്.

ബെല്‍ത്തങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായവരുടെ വിവരങ്ങളും ചിത്രങ്ങളും അസ്വാഭാവികമരണങ്ങളുടെ വിവരങ്ങളും അജ്ഞാതമൃതദേഹങ്ങളുടെ വിവരങ്ങളുമെല്ലാം തേടിയാണ് ജയന്ത് പോലിസില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍, പോലിസ് നല്‍കിയ മറുപടി ഏറെ വിചിത്രമായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഇവരുടെ ചിത്രങ്ങള്‍, ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം നീക്കംചെയ്തെന്നായിരുന്നു പോലീസിന്റെ മറുപടി. കാണാതായവരുടെ പരാതികളും ചിത്രങ്ങളും നശിപ്പിച്ചെന്നും പോലീസ് പറഞ്ഞിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഉത്തരവിനെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ രേഖകള്‍ സ്റ്റേഷനില്‍നിന്ന് നശിപ്പിച്ചതെന്നും മറുപടിയിലുണ്ടായിരുന്നു.

അതിനിടെ, ശുചീകരണത്തൊഴിലാളിക്ക് പുറമേ വിവരാവകാശപ്രവര്‍ത്തകനായ ജയന്തും പുതിയ പരാതിയുമായി പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മൃതദേഹം കുഴിച്ചിടുമ്പോള്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. ജയന്തിന്റെ പരാതിയില്‍ എസ്ഐടി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. ജയന്ത് പറയുന്നിടത്ത് കുഴിച്ചുനോക്കി മൃതദേഹത്തിനായുള്ള തിരച്ചിലും ഉടന്‍ ആരംഭിച്ചേക്കും.

''ഓഗസ്റ്റ് രണ്ടിന് ഞാന്‍ എസ്ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ നേരിട്ട് സാക്ഷിയായ സംഭവത്തിലാണ് ഈ പരാതി നല്‍കിയിട്ടുള്ളത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരുകളും നല്‍കിയിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് അന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത്. ഒരു നായയെ കുഴിച്ചിടുന്നത് പോലെയാണ് അവര്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കുഴിച്ചിട്ടത്. ആ കാഴ്ച എന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തിയാല്‍ ഇത് വെളിപ്പെടുത്തുമെന്ന് രണ്ടുവര്‍ഷം മുന്‍പേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ആ സമയം വന്നെത്തിയിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ എന്റെ പിന്നില്‍ മറ്റാരുമില്ല. ആരുടെയും സ്വാധീനവുമില്ല'', ജയന്ത് ഇന്ത്യാടുഡേയോട് പറഞ്ഞു.

''വിവരാവകാശപ്രവര്‍ത്തകനെന്നനിലയില്‍ ബെല്‍ത്തങ്ങാടി പോലിസ് സ്റ്റേഷനില്‍ വ്യക്തികളെ കാണാതായെന്നപരാതികള്‍, അവരുടെ ചിത്രങ്ങള്‍ തുടങ്ങിയവ കിട്ടാനായി അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, അതെല്ലാം നശിപ്പിച്ചെന്നായിരുന്നു പോലീസിന്റെ മറുപടി. ഈ ഡിജിറ്റല്‍ കാലത്ത് ഈവിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് നശിപ്പിക്കാനാവുക? മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ ഇനി എങ്ങനെയാകും അന്ന് കാണാതായവരുടെ വിവരങ്ങളുമായി അത് താരതമ്യംചെയ്യുക? ആരാണ് ഇതിനെല്ലാം പിന്നിലെന്ന് അറിയണം. ഇതെല്ലാം മറച്ചുവെയ്ക്കാന്‍ ആരാണ് സ്വാധീനംചെലുത്തുന്നത്? കമ്പ്യൂട്ടര്‍സംവിധാനമുള്ളപ്പോള്‍ ഈ വിവരങ്ങളൊന്നും അതില്‍ സൂക്ഷിക്കാതെ നശിപ്പിച്ചുകളഞ്ഞെന്ന് പോലീസിന് എങ്ങനെ പറയാനാകും? ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: