പൗരത്വ ഭേദഗതി നിയമത്തിനെതിരേ കവിത: കന്നഡ കവിയും മാധ്യമപ്രവര്‍ത്തകനും അറസ്റ്റില്‍

യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ഗംഗാവതി റൂറല്‍ പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

Update: 2020-02-20 04:59 GMT

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കവിതയുടെ പേരില്‍ കര്‍ണാടകയില്‍ കവിയെയും മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റുചെയ്തു. പൊതുപരിപാടിക്കിടെ കവിത ചൊല്ലിയ കവി സിറാജ് ബിസാരള്ളിയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലായ കന്നഡനെറ്റ് ഡോട്ട് കോം എഡിറ്റര്‍ എച്ച് വി രാജബക്ഷിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഒമ്പതിന് ദക്ഷിണ കന്നഡയിലെ കൊപ്പല്‍ ജില്ലയിലെ ഗംഗാവതിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച 'അനെഗുണ്ടി ഉല്‍സവ' എന്ന സംസ്‌കാരിക ഉല്‍സവത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ സിറാജ് കവിത ചൊല്ലിയത്.

ന്ധനിന്ന ദഖലെ യാവഗ നീഡുട്ടീ (നിങ്ങളുടെ രേഖകള്‍ എപ്പോഴാണു നല്‍കുക) എന്ന സ്വന്തം കവിതയാണ് ചൊല്ലിയത്. ഇതിന്റെ വീഡിയോ രാജബക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതിനെതിരേ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ഗംഗാവതി റൂറല്‍ പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 505ാം വകുപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ബിസാരള്ളിയും രാജബക്ഷിയും ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. ജാമ്യാപേക്ഷ നിരസിച്ച കോടതി പോലിസിന്റെ ആവശ്യപ്രകാരം ഇവരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ചില പുതിയ തെളിവുകള്‍ ഇവരില്‍നിന്ന് ലഭിക്കാനുണ്ടെന്നാണ് പോലിസിന്റെ വാദം. അറസ്റ്റിലായവര്‍ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നറിയാന്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തുവെന്നും പോലിസ് പറയുന്നു. 

Tags: