രാജ്യത്തെ കൊവിഡ് പ്രതിസന്ധി; സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.

Update: 2020-11-30 09:49 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സൗഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും യോഗം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷിയോഗമാണിത്.

എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ യോഗത്തിന്റെ കാര്യം അറിയിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നിരിക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ത്യയിലാണെങ്കിലും ആഗോളതലത്തില്‍ ഒരുദശലക്ഷം ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത്.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനവും ബജറ്റ് സമ്മേളനവും ഒരുമിച്ച് നടത്താമെന്ന ചര്‍ച്ചകളും ഉയരുന്നതിനിടെയാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതും ഉല്‍പാദന പ്രക്രിയയും നേരിട്ട് അവലോകനം ചെയ്യുന്നതിനായി വാക്‌സിന്‍ നിര്‍മാണ പ്ലാന്റുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.

Tags: