കൊവിഡ് വാക്സിന്‍ നിര്‍മാണം: പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി ഫാര്‍മ പ്ലാന്റുകള്‍ സന്ദര്‍ശിക്കുന്നു
പൗരന്‍മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍, വെല്ലുവിളികള്‍, റോഡ്മാപ്പ് എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണപ്രക്രിയയുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫാര്‍ പ്ലാന്റുകളില്‍ സന്ദര്‍ശനം നടത്തുന്നു. രാജ്യത്തെ മൂന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകളാണ് പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കുക. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പൗരന്‍മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍, വെല്ലുവിളികള്‍, റോഡ്മാപ്പ് എന്നിവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അഹമ്മദാബാദിലെ സൈഡസ് കാഡില പ്ലാന്റിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. അഹമ്മദാബാദ് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ആഗസ്തില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു. ഒരുമണിക്കൂറോളം പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്സിന്‍ വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെളളിയാഴ്ച അറിയിച്ചത്. അഹമ്മദാബാദിലെ വാക്സിന്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തുമെന്നും കരുതുന്നു. ഇന്ത്യന്‍ കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് റിപോര്‍ട്ട്.
