കൊവിഡ് പ്രതിസന്ധി: എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-11-24 03:58 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. കൊവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ അടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുംം. രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
വാക്‌സിനുകള്‍ക്ക് അടിയന്തര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമാവും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്‌സിന്‍ വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ പലതും നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്നും വെര്‍ച്വല്‍ യോഗം വിലയിരുത്തും. ഉയര്‍ന്ന രോഗവ്യാപനമുള്ള സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും പ്രത്യേകം ചര്‍ച്ചകളായിരിക്കും നടത്തുക.

ദേശീയതലത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറച്ചുദിവസമായി 50,000 ല്‍ താഴെയാണെങ്കിലും ചില സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് വാക്‌സിനുകളാണ് രാജ്യത്ത് പരീക്ഷണത്തിലുള്ളത്. ഇതില്‍ നാലെണ്ണം രണ്ടും മൂന്നും ഘട്ടത്തിലാണ്. ഒരെണ്ണം രണ്ടാംഘട്ട പരീക്ഷത്തിലുമാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ലഭ്യമായാല്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ചര്‍ച്ചയാവും.

Tags: