ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കല്‍; മോദി ഇന്ന് രാത്രി പുടിനുമായി സംസാരിക്കും

Update: 2022-03-02 15:40 GMT

ന്യൂഡല്‍ഹി: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഇന്ന് രാത്രി വീണ്ടും ആശയവിനിമയം നടത്തും. വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തരമായി ഫോണില്‍ സംസാരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച. റഷ്യന്‍ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി മോദി പുടിനെ വിളിച്ച് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

നയതന്ത്ര ചര്‍ച്ചകളും സംഭാഷണങ്ങളും നടത്തി പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ വശത്തുനിന്നും യോജിച്ച ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഏകദേശം ആറ് ദിവസത്തിന് ശേഷമാണ് വീണ്ടും പുടിനുമായി മോദി സംസാരിക്കാനൊരുങ്ങുന്നത്. അതേസമയം, യുക്രെയ്‌നിലെ കാര്‍കീവിലെ ഇന്ത്യക്കാരോട് ഉടന്‍ തന്നെ ഇവിടം വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും കാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം.

പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി പറഞ്ഞിരിക്കുന്നത്. ഇതുവരെ 17,000 ഇന്ത്യക്കാര്‍ യുക്രെയ്ന്‍ വിട്ടതായും കീവില്‍ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. അടുത്ത 24 മണിക്കൂറില്‍ 15 വിമാനങ്ങള്‍ യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതില്‍ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യ വക്താവ് പറയുന്നു. കീവിലെ ഇന്ത്യന്‍ എംബസി പൂര്‍ണമായും അടച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോാഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Tags: