മോദിക്ക് ഒരുനേരത്തെ ഊണ് ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം; പക്ഷേ, സോഷ്യല്‍ മീഡിയ പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

മോദിക്ക് മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ ഇല്ലാതെ തുടരാന്‍ കഴിയുമെന്ന് കരുതരുത്. അദ്ദേഹത്തിന് അതുമായി അത്രയധികം ബന്ധമുണ്ട്.

Update: 2020-03-04 01:52 GMT

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന റിപോര്‍ട്ടുകളെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അസ്‌ലം ഷെയ്ഖ്. മോദിക്ക് ഒരുനേരത്തെ ഊണ് ഒഴിവാക്കാന്‍ പറ്റുമായിരിക്കും, എന്നാല്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് അസ്‌ലം മാധ്യമങ്ങളോട് പറഞ്ഞു. മോദിക്ക് മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ ഇല്ലാതെ തുടരാന്‍ കഴിയുമെന്ന് കരുതരുത്. അദ്ദേഹത്തിന് അതുമായി അത്രയധികം ബന്ധമുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും ശേഷം ലോകത്തുള്ള ജനങ്ങള്‍ മോദിയെ ട്രോളുകയാണ്. അവര്‍ അദ്ദേഹത്തിന് പിന്നാലെയുണ്ട്. തങ്ങള്‍ വലിയ തെറ്റുകള്‍ ചെയ്‌തെന്ന് അദ്ദേഹത്തിനറിയാം. ബിഹാറില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി എംഎല്‍എമാരും മന്ത്രിമാരും പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ പ്രമേയം പാസാക്കിയെന്നും അസ്‌ലം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ് എന്നിവയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി തിങ്കളാഴ്ചയാണ് നരേന്ദ്രമോദി അറിയിച്ചത്. ഒരുദിവസം തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിട്ടുണ്ട്. ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തതുകൊണ്ട് സ്ത്രീശാക്തീകരണം നടക്കില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

Tags: