നെഹ്‌റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെ; സിദ്ധരാമയ്യയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി

Update: 2022-05-28 19:15 GMT

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നെഹ്‌റുവിനെ അപേക്ഷിച്ച് അതിര്‍ത്തി പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിച്ച കാര്യങ്ങളിലും ശക്തമായ നടപടിയെടുക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ, പ്രധാനമന്ത്രി മോദിയെയും നെഹ്‌റുവിനെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'നെഹ്‌റു എവിടെ? മോദി എവിടെ? ഇത് ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെയാണ്. ഒരു താരതമ്യവുമില്ല. പഞ്ചവല്‍സര പദ്ധതികള്‍ പോലെയുള്ള നെഹ്‌റുവിന്റെ എല്ലാ നല്ല പദ്ധതികളും അദ്ദേഹം (മോദി) ഇല്ലാതാക്കി- സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എന്നാല്‍, നെഹ്‌റുവിനെ അപേക്ഷിച്ച് ദേശീയ സുരക്ഷയിലും ഐക്യത്തിലും പ്രധാനമന്ത്രി മോദി ശക്തമായ നടപടികളെടുത്തുവെന്നാണ് ബസവരാജ് ബൊമ്മെ മറുപടി നല്‍കിയത്. തീര്‍ച്ചയായും അദ്ദേഹത്തെ (മോദി) നെഹ്‌റുവുമായി താരതമ്യപ്പെടുത്താനാവില്ല.

കാരണം 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ നെഹ്‌റു ശരിയായ നടപടികള്‍ സ്വീകരിക്കാതെ അതിര്‍ത്തി പ്രദേശങ്ങള്‍ (ചൈനയ്ക്ക്) വിട്ടുകൊടുത്തു. അതേസമയം, നരേന്ദ്രമോദി ശക്തമായി നിലകൊള്ളുകയും നമ്മുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം (മോദി) പാകിസ്താനുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി ഇന്ത്യയെ ശക്തപ്പെടുത്തി. അതിനാല്‍, താരതമ്യപ്പെടുത്താനാവില്ല- കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News