ചൈനക്കും പാകിസ്താനുമെതിരെയുള്ള യുദ്ധത്തിന് മോദി തിയ്യതി കുറിച്ചിട്ടുണ്ട്: യുപി ബിജെപി അധ്യക്ഷന്‍

യുദ്ധത്തിനുളള തീയതി നിശ്ചയിച്ചതായും ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

Update: 2020-10-25 13:57 GMT

ലഖ്നോ: ചൈനക്കും പാകിസ്താനുമെതിരേ എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി അധ്യക്ഷന്റെ വിവാദ പരാമർശം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിച്ചതിനെയും ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്റെ അവകാശവാദം.

രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370 എന്നിവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പോലെ പാകിസ്താനുമായും ചൈനയുമായും എപ്പോഴാണ് യുദ്ധം നടത്തേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ സ്വതന്ത്രദേവ് സിങ് പറയുന്നു.

യുദ്ധത്തിനുളള തീയതി നിശ്ചയിച്ചതായും ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്. തന്റെ പ്രസംഗത്തിൽ സമാജ് വാദി പാർട്ടിയിലേയും ബഹുജൻ സമാജ് വാദി പാർട്ടിയിലേയും പ്രവർത്തകരെ ഭീകരവാദികളോട് താരതമ്യം ചെയ്യുന്നുമുണ്ട്.