മധ്യപ്രദേശില്‍ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് അപകടം: 14 പേര്‍ മരിച്ചു

Update: 2024-02-29 04:54 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ദിന്‍ഡോരി ജില്ലയിലെ ബദ്ജര്‍ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. ദേവാരി ഗ്രാമത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാരും പോലിസും ചേര്‍ന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. ഡിന്‍ഡോരി കലക്ടര്‍ വികാസ് മിശ്രയും പോലിസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.



സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാന മന്ത്രി സമ്പതി ഔകെ ദിന്‍ഡോരിയിലെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.





Tags: