വീണ്ടും പകല്‍കൊള്ള; തുടര്‍ച്ചയായ എട്ടാംദിനവും ഇന്ധനവില കൂട്ടി, വര്‍ധിപ്പിച്ചത് 4.53 രൂപ
പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടുദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് നാലുരൂപ 41 പെസയും പെട്രോളിന് നാലുരൂപ 53 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധം ശക്തമാവുമ്പോഴും തുടര്‍ച്ചയായ എട്ടാംദിനത്തിലും ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടുദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് നാലുരൂപ 41 പെസയും പെട്രോളിന് നാലുരൂപ 53 പൈസയുമാണ് വര്‍ധിപ്പിച്ചത്. 2014ല്‍ ക്രൂഡ് ഓയില്‍ ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 77 രൂപയായിരുന്നു. 2020 ജനുവരിയില്‍ ബാരലിന് 64 ഡോളറായപ്പോഴും ഇന്ത്യയില്‍ 77 രൂപയായിരുന്നു പെട്രോള്‍ വില. അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചതേയില്ല.
സാധാരണക്കാരന്റെ വയറ്റത്തടിക്കാനായി എക്‌സൈസ് തീരുവ ഉയര്‍ത്തുകയാണ് മോദി സര്‍ക്കാര്‍ അപ്പോള്‍ ചെയ്തത്. വരുമാനം വര്‍ധിപ്പിക്കുന്നതിനായിപെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ മാര്‍ച്ച് പകുതിയോടെ നിരക്ക് മരവിപ്പിച്ചു. ഓയില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ ഉപയോക്താക്കള്‍ക്ക് എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നതിനുപകരം ചില്ലറ നിരക്കിന്റെ ഇടിവിനെതിരെ ക്രമീകരിച്ചു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായി. ക്രൂഡ് ഓയില്‍ ഫ്യൂച്ചര്‍ വെള്ളിയാഴ്ച 0.26 ശതമാനം ഇടിഞ്ഞ് ബാരലിന് 4,180 രൂപയായി.
ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.73 ശതമാനം ഇടിഞ്ഞ് ബാരലിന് 63.50 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് 0.80 ശതമാനം ഇടിഞ്ഞ് ബാരലിന് 58.11 ഡോളറിലെത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് നാല് രൂപയോളം താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിരിക്കുന്നത്. 83 ദിവസത്തെ ഇടവേളയ്ക്കുശേഷം ഈയടുത്താണ് പ്രതിദിന ഇന്ധനവില പുനര്‍നിര്‍ണയം ആരംഭിച്ചത്. ആദ്യദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനും കാരണമാവും. വരുംദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. മാര്‍ക്കറ്റിങ് മാര്‍ജിന്‍ സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വിലവര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് വിവരം. അല്ലെങ്കില്‍ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്നാണ് കമ്പനികളുടെ വാദം. വില മൂന്നുമാസത്തിനുള്ളില്‍ 80-85 രൂപയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.50 രൂപയും ഡീസല്‍ വില 71.56 രൂപയുമായി.

