പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണത്തിനെതിരായ അപ്പീല്‍ സുപ്രിംകോടതി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ഈ ആവശ്യമുന്നയിച്ച് സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ്, സുപ്രിംകോടതി രജിസ്ട്രിക്ക് പ്രത്യേക കത്ത് നല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസ് ഡയറിയും മറ്റ് രേഖകളും സിബിഐയ്ക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Update: 2020-09-15 09:10 GMT

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ ഫയല്‍ചെയ്ത അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ്, സുപ്രിംകോടതി രജിസ്ട്രിക്ക് പ്രത്യേക കത്ത് നല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസ് ഡയറിയും മറ്റ് രേഖകളും സിബിഐയ്ക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

കോടതിയലക്ഷ്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി തുടങ്ങിയവര്‍ക്കുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേരളത്തിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം സുപ്രിംകോടതിയില്‍ തടസ്സഹരജി നല്‍കിയിട്ടുണ്ട്.

കേസില്‍ സിപിഎമ്മിന് പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാവാന്‍ ഇടപെടേണ്ട സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരേ മനുഷ്യസ്‌നേഹികളുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുമെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, സുപ്രിംകോടതിയെ സമീപിച്ച് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിലെ സിബിഐ അന്വേഷണം നീട്ടിക്കൊണ്ടുപോവാനാണ് സര്‍ക്കാരിന്റെ നീക്കം. 

Tags:    

Similar News