യന്ത്രത്തകരാര്‍: ഗോ എയര്‍ വിമാനം നാഗ്പൂരില്‍ ഇറക്കി

Update: 2021-11-27 12:44 GMT

നാഗ്പൂര്‍: ബംഗളൂരു- പട്‌ന ഗോ എയര്‍ വിമാനം അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. വിമാനത്തിന്റെ എന്‍ജിനുകളൊന്നില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്. 139 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷിതമായാണ് ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് പട്‌നയിലേക്ക് പോവുന്നതിനായി മറ്റൊരു വിമാനം ക്രമീകരിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

ഗോ ഫ്‌ളൈറ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ഗോ എയറിന്റെ ജി8 873 വിമാനമാണ് രാവിലെ 11.15ന് സുരക്ഷിതമായി ഇറക്കിയതതെന്ന് നാഗ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആബിദ് റൂഹി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഗോ എയര്‍ ഫ്‌ളൈറ്റിന്റെ പൈലറ്റ് നാഗ്പൂര്‍ എടിസിയുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് തകരാര്‍ നേരിടുന്നുണ്ടെന്ന് അറിയിക്കുകയും നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് അഭ്യര്‍ഥിക്കുകയും ചെയ്തു- റൂഹി പറഞ്ഞു.

ഫയര്‍ ടെന്‍ഡറുകള്‍, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയും പോലിസുമായി ഏകോപനമുണ്ടാക്കിയും ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഭാഗ്യവശാല്‍ വിമാനം സുരക്ഷിതമായ ലാന്‍ഡിങ് നടത്തി- റൂഹി കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം 4:45നാണ് പട്‌നയിലേക്ക് പുറപ്പെടുന്നതിന് മറ്റൊരു വിമാനം സജ്ജമാക്കിയിരുന്നത്.

Tags:    

Similar News