എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം, പുസ്തകം മാധ്യമങ്ങള്‍ക്കു മുന്നില്‍ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചു
ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുന്‍ തലവന്‍ ജനറല്‍ എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യു എസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയില്‍ പ്രതിഷേധം അലയടിക്കാന്‍ കാരണമായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവര്‍ക്കും സംസാരിക്കണമെന്നായിരുന്നു പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.
ബഹളം കനത്തതോടെ ലോക്‌സഭ ഇടയ്ക്കിടെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ ജനറല്‍ നരവനെയുടെ പുസ്തകം മാധ്യമങ്ങള്‍ക്കു മുന്നില്‍ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന പുസ്തകം ഇതാണെന്നും രാഹുല്‍ വ്യക്തമാക്കി. ശേഷം നരവനെയുടെ പുസ്തകം ഉയര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധി സഭയ്ക്ക് അകത്ത് കയറിയതും. ഇത് വായിക്കാന്‍ അനുവദിക്കണം എന്ന് രാഹുല്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല. ഇതോടെ വീണ്ടും സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഒടുവില്‍ രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു.
അതിനിടെ പാര്‍ലമെന്റ് കവാടത്തിന് പുറത്ത് ബി ജെ പി എം പി രവനീത് ബിട്ടവും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോരും ഉണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എം പിമാര്‍ സത്യാഗ്രഹം നടത്തുന്ന സ്ഥലത്തായിരുന്നു രാഹുല്‍ - ബിട്ടു വാക്‌പോര്. യുദ്ധം ജയിച്ച് വന്നതാണോയെന്ന് സമരം ചെയ്യുന്ന എം പിമാരെ ബിട്ടു പരിഹസിച്ചതാണ് തുടക്കം. ബിട്ടു ചതിയനെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചതോടെ പാര്‍ലമെന്റ് മകര കവാടത്തില്‍ വാക്‌പോര് രൂക്ഷമായി. രാഹുല്‍ രാജ്യത്തിന്റെ ശത്രു എന്ന് ബിട്ടു അഭിപ്രായപ്പെട്ടെങ്കിലും മറ്റ് എം പിമാര്‍ ഇടപെട്ടതോടെ രംഗം കൂടുതല്‍ വഷളായില്ല.

