കേരളത്തിലെ ഏതു മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കും: കുമ്മനം

എവിടെ മല്‍സരിച്ചാലും താന്‍ ജയിക്കും. തിരുവനന്തപുരത്തെ തന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ മിസോറാം ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനത്തിന് കടിച്ചതും പിടിച്ചതും നഷ്ടപ്പെടുമെന്ന കടകംപള്ളി സുരേന്ദ്രന്റെ പരിഹാസത്തോട് കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

Update: 2019-03-10 08:06 GMT

ന്യൂഡല്‍ഹി: കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ജനങ്ങള്‍ തന്നെ അംഗീകരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. എവിടെ മല്‍സരിച്ചാലും താന്‍ ജയിക്കും. തിരുവനന്തപുരത്തെ തന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ മിസോറാം ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനത്തിന് കടിച്ചതും പിടിച്ചതും നഷ്ടപ്പെടുമെന്ന കടകംപള്ളി സുരേന്ദ്രന്റെ പരിഹാസത്തോട് കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

കടിക്കാനും പിടിക്കാനുമല്ല താന്‍ രാഷ്ട്രീയത്തില്‍ വന്നത്, അത് കടകംപള്ളിയുടെ രാഷ്ട്രീയസംസ്‌കാരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു വേണ്ടിയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. എന്നാല്‍, ഇനിയെന്തുവേണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ മുന്നില്‍ സ്വന്തം ജീവിതംതന്നെ സമര്‍പ്പിച്ച സ്ഥിതിക്ക് എന്തുചെയ്യണമെന്ന് അവര്‍ക്കു തീരുമാനിക്കാം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ അത് ഏറ്റെടുക്കുമെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മിന്റെ വളര്‍ച്ച മുരടിച്ചുവെന്നത് സ്ഥാനാര്‍ഥി പട്ടികയിലൂടെ വ്യക്തമാണ്. ഇടതുപക്ഷം ലോക്‌സഭാ സ്ഥാനാര്‍ഥികളാക്കിയ ആറ് എംഎല്‍എമാരും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണം. അല്ലാതെ, എംഎല്‍എമാരെ തൊഴുത്തുമാറ്റി കെട്ടിയിട്ട് കാര്യമില്ല. ശബരിമലയെന്നത് നിമിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ബിജെപിക്ക് അനുകൂലമാവും. ശബരിമല പ്രക്ഷോഭകാലത്ത് ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ജനകീയവിഷയമാണ് ശബരിമല. അതോടൊപ്പം അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ട്. വിശ്വാസം, വികസനം, വിമോചനം എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുക. വിശ്വാസം നിലനില്‍പ്പിന്റെ വിഷയമാണ്. സംസ്ഥാനത്ത് മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് അംഗീകരിക്കില്ല. കേരളത്തിലെ ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കണം. ഒന്നോ രണ്ടോ ദിവസത്തിനകം ബിജെപി സ്ഥാനാര്‍ഥി പട്ടിക തയ്യാറാവുമെന്നും സംസ്ഥാനവ്യാപകമായി പ്രചരണം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Similar News