കറാച്ചി: മുന്‍ ക്രിക്കറ്റ് താരവും ഓള്‍റൗണ്ടറുമായ അസര്‍ മെഹ്‌മൂദിനെ ടെസ്റ്റ് ക്രിക്കറ്റില്‍ മുഖ്യ പരിശീലകനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. മുന്‍ പാകിസ്താന്‍ താരം അക്വിബ് ജാവേദിനു പകരകാരനായാണു നിയമനം.
ഓസ്‌ട്രേലിയന്‍ താരമായിരുന്ന ജേസണ്‍ ഗില്ലസ്പി കഴിഞ്ഞ വര്‍ഷം പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് അക്വിബ് ജാവേദിനെ താത്കാലിക പരിശീലകനായി പാകിസ്താന്‍ നിയമിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അസര്‍ മെഹ്‌മൂദിനെ തേടി പാകിസ്താന്റെ സ്ഥിരം പരിശീലക സ്ഥാനം എത്തിയിരിക്കുന്നത്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയുമായി ഒക്‌ടോബറിലാണ് പാകിസ്താന് ഇനി അടുത്തതായി വരാനിരിക്കുന്ന പരമ്പര. 2016 മുതല്‍ 2019 വരെ അസര്‍ പാകിസ്താന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ല്‍ ന്യൂസിലന്‍ഡിനെതിരേ നടന്ന ട്വന്റി-20പരമ്പരയില്‍ മുഖ്യ പരീശലകനായിരുന്നു. കൂടാതെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സ്, മുല്‍ട്ടാന്‍ സുല്‍ത്താന്‍സ് എന്നീ ടീമുകളുടെ ബൗളിങ് കോച്ചായും ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മുഖ്യ പരിശീലകനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.