പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി: ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടിനല്‍കും

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്ക് സമയം നീട്ടിനല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. 2019 ഫെബ്രുവരി 24 നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.

Update: 2020-04-22 18:24 GMT

ന്യൂഡല്‍ഹി: അസം, മേഘാലയ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീര്‍, ലഡാക് കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി(പിഎം-കിസാന്‍) ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിന് അനുവദിച്ചിരുന്ന സമയം നീട്ടിനല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്ക് സമയം നീട്ടിനല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. 2019 ഫെബ്രുവരി 24 നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.

രാജ്യത്തുടനീളം കൃഷി സാധ്യമായ ഭൂമിയുള്ള എല്ലാ കര്‍ഷകകുടുംബങ്ങള്‍ക്കും ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പദ്ധതി വരുമാനസ്ഥിരത ഉറപ്പാക്കും. പ്രതിവര്‍ഷം 6,000 രൂപ മൂന്നുഗഡുക്കളായി നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നതാണ് പദ്ധതി. 2018 ഡിസംബര്‍ 1 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. ആനുകൂല്യം ലഭിക്കുന്നതിന് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ പിഎം-കിസാന്‍ പോര്‍ട്ടലില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന് 2019 ഡിസംബര്‍ 1 മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, ആധാര്‍കാര്‍ഡ് കരസ്ഥമാക്കിയവരുടെ എണ്ണം പരിമിതമായതിനാല്‍ മേഘാലയ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ ഇതില്‍നിന്ന് ഇളവ് നല്‍കിയിരുന്നു.

ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ശേഖരണം പൂര്‍ത്തിയാക്കുന്നതിന് അസം, മേഘാലയ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കുമെന്നും ഏപ്രില്‍ 1 മുതല്‍ ഈ പദ്ധതിയുടെ പ്രയോജനം ഇവിടുത്തെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്. ഏപ്രില്‍ എട്ടുവരെയുള്ള(8.4.20) കണക്ക് അനുസരിച്ച് ഈ സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഒരുഗഡു ധനസഹായം ലഭിച്ചിട്ടുണ്ട്. അസമില്‍ 27,09,586 പേര്‍ക്കും മേഘാലയയില്‍ 98,915 പേര്‍ക്കും ലഡാക്കിലും ജമ്മു കശ്മീരിലുമായി 10,01,668 പേര്‍ക്കും ആദ്യഗഡു ലഭിച്ചു. 

Tags: