മോദിയെ കൂടി കൊണ്ട് വാ, നമുക്ക് കാണാം; ബിജെപിയെ വെല്ലുവിളിച്ച് ഒവൈസി

നിങ്ങള്‍ നരേന്ദ്രമോദിയെ ഇവിടേക്ക് കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം.

Update: 2020-11-26 13:19 GMT

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിറങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. നിങ്ങള്‍ നരേന്ദ്ര മോദിയെ കൊണ്ട് വന്ന് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എത്ര സീറ്റില്‍ വിജയിക്കാമെന്ന് കാണാമെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. ഡിസംബര്‍ 1 നാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്.

നിങ്ങള്‍ നരേന്ദ്രമോദിയെ ഇവിടേക്ക് കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തൂ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എത്ര സീറ്റില്‍ വിജയിക്കുമെന്ന് കാണാമെന്ന് ഒവൈസി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഒവൈയിയുടെ പ്രതികരണം.

ഇത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണ്. അവര്‍ക്ക് വികസനത്തെക്കുറിച്ച് വാചാലരാവാന്‍ കഴിയില്ല. ഹൈദരാബാദ് ഒരു വികസിത നഗരമാണ്. ഇവിടെ നിരവധി എംഎല്‍സികള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. ഹൈദരാബാദിന്റെ ബ്രാന്റ് നെയിം ഇല്ലാതാക്കി ബിജെപിക്ക് ഇതെല്ലാം നശിപ്പിക്കണമെന്നും ഒവൈസി കൂട്ടി ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സജ്ഞയ്, ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൈദരാബാദ് നുഴഞ്ഞുകയറ്റക്കാരുടെ നഗരമാണെന്ന് ആരോപിച്ചിരുന്നു. പിന്നാലെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ഒവൈസി പുതിയ കാലത്തെ മുഹമ്മദ് അലി ജിന്നായാണെന്നും ആയിരക്കണക്കിന് റോഹിൻഗ്യകളെ നഗരത്തില്‍ സംരക്ഷിക്കുന്നുണ്ടെന്നുമായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.